കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ചു. ഇന്നലെ രാത്രി 11:45ന് യാത്രയവസാനിപ്പിച്ച ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസിന്‍റെ ബോഗിയിലാണ് തീപിടിത്തം. പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവത്തില്‍ ട്രെയിനിന്‍റെ അവസാന മൂന്ന് ബോഗികളിലേക്ക് തീപടരുകയും ഒരെണ്ണം പൂര്‍ണമായും കത്തിനശിക്കുകയും ചെയ്‌തത്.
അട്ടിമറി സംശയം: ഏപ്രില്‍ രണ്ടിന് എലത്തൂരില്‍ ഷാരൂഖ് സെയ്‌ഫി തീവെച്ച അതേ ട്രെയിനിലാണ് വീണ്ടും തീപിടിത്തം ഉണ്ടായത്. സംഭവത്തില്‍ കേരള പൊലീസും റെയില്‍വേ പൊലീസും ചേര്‍ന്നുള്ള അന്വേഷണം ആരംഭിച്ചു. സമീപത്തെ ബിപിസിഎൽ പെട്രോൾ സംഭരണശാലയിൽ നിന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ ഒരാൾ കാനുമായി നടന്നു പോകുന്നതായി പൊലീസ് കണ്ടെത്തി. ഒരാളുടെ ബാഹ്യ ഇടപെടലില്ലാതെ ഇത്ര പെട്ടെന്ന് തീ പടരാൻ സാധ്യതയില്ലെന്ന ആദ്യഘട്ട വിലയിരുത്തലിലാണ് അന്വേഷണ സംഘം.
സമീപത്ത് നിന്നും ലഭിക്കാനിടയുള്ള കൂടുതല്‍ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവം നടന്ന സമയത്ത് ട്രെയിനുള്ളില്‍ ആരെങ്കിലും ഉണ്ടായിരുന്നോയെന്നും അയാളാണോ കൃത്യം നടത്തിയത് എന്നുമുള്ള സംശയത്തിലാണ് അന്വേഷണ സംഘം. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത നല്‍കാന്‍ സാധിക്കൂവെന്നും പൊലീസ് അറിയിച്ചു.
കോഴിക്കോട് എലത്തൂരില്‍ ട്രെയിനില്‍ തീവയ്‌പ്പ് നടന്ന് രണ്ട് മാസത്തിനുള്ളിലാണ് വീണ്ടും ട്രെയിനില്‍ തീപിടിത്തമുണ്ടായത്. എലത്തൂരില്‍ തീവയ്‌പ്പ് നടന്ന സ്ഥലത്തിന് സമീപവും ബിപിസിഎല്ലിന്‍റെ പെട്രോള്‍ സംഭരണശാല പ്രവര്‍ത്തിച്ചിരുന്നു. ഇതേസാമ്യം കണ്ണൂരിലും ഉള്ളത് സംഭവത്തിന്‍റെ ദുരൂഹത വര്‍ധിപ്പിക്കുകയാണ്. ഇക്കാര്യങ്ങളും അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നുണ്ട്.
അതേസമയം, തീപിടിത്തമുണ്ടായ ബോഗികള്‍ ട്രെയിനില്‍ നിന്നും വേര്‍പെടുത്തി. പാലക്കാട് നിന്നെത്തിയ ദക്ഷിണ റെയിൽവേയുടെ എംഡി എം ആർ സക്കീർ ഹുസൈന്‍റെ നേതൃത്വത്തിലുള്ള സംഘം കത്തിയ ബോഗികളില്‍ പരിശോധന നടത്തി. വിശദമായ അന്വേഷണങ്ങള്‍ക്ക് ശേഷം മാത്രമെ ഇതില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തും. എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസുമായി ഇതിന് ബന്ധമുണ്ടോയെന്ന് എന്‍ഐഎ പരിശോധിക്കും. കൂടാതെ ഷാരൂഖ് സെയ്‌ഫിയുമായി ബന്ധമുള്ളവരിലേക്കും അന്വേഷണം നീങ്ങുമെന്നാണ് സൂചന. എലത്തൂര്‍ ട്രെയിന്‍ തീവെയ്‌പ്പ് സംഭവത്തിന്‍റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ വീണ്ടും ഉണ്ടായ തീപിടിത്തം പൊലീസിനെ ഞെട്ടിച്ചിട്ടുണ്ട്. ഏപ്രില്‍ രണ്ടിന് ആലപ്പുഴ- കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിലുണ്ടായ തീവെപ്പിൽ നിന്ന് രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയ മൂന്ന് പേർക്ക് ജീവന്‍ നഷ്‌ടമായിരുന്നു. തീ പടരുന്നത് കണ്ട് ഭയന്നായിരുന്നു ഇവര്‍ പുറത്തേക്ക് ചാടിയത്. പുറത്തേക്ക് വീണ ഇവരുടെ തലയ്‌ക്ക് പരിക്കേറ്റിരുന്നു.
ഏപ്രില്‍ രണ്ടിന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ട ട്രെയിന്‍ എലത്തൂരില്‍ എത്തിയപ്പോള്‍ ഡി1 കോച്ചിലുണ്ടായിരുന്ന പ്രതി ഷാറൂഖ് സെയ്‌ഫി യാത്രക്കാര്‍ക്ക് നേരെ പെട്രോള്‍ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. തുടര്‍ന്ന് സംഭവ സ്ഥലത്ത് നിന്നും കടന്ന പ്രതിയെ നാല് ദിവസങ്ങള്‍ക്ക് ശേഷം മഹാരാഷ്‌ട്രയില്‍ നിന്നാണ് അന്വേഷണസംഘം പിടികൂടിയത്.
Also Read : എലത്തൂർ ട്രെയിൻ തീവയ്‌പ്പ്: പ്രതി ഷാറൂഖ് സെയ്‌ഫിയുടെ റിമാന്‍ഡ് കാലാവധി നീട്ടി