കണ്ണൂര്‍: കള്ള് ഷാപ്പ് തുറക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയെങ്കിലും ജില്ലയിലെ വിൽപന പ്രതിസന്ധിയിൽ. കള്ള് ഷാപ്പ് ലേലം മാറ്റിവെച്ചതാണ് പ്രശ്നത്തിന് കരണം. ലോക്ക് ഡൗണിനിടെ ലേലം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും യൂത്ത് കോൺഗ്രസ് പ്രതിഷേധം കാരണം മാറ്റിവക്കുകയായിരുന്നു.
ഇനി ലോക്ക് ഡൗൺ പിൻവലിച്ചതിന് ശേഷം മാത്രമെ ലേലം നടക്കുകയുള്ളൂ. അതിനിടെ ഡിപ്പാർട്ട്മെന്‍റ് മാനേജ്മെന്‍റ് വ്യവസ്ഥയിൽ ജില്ലാ കലക്ടറുടെ പ്രത്യേക അനുമതി വാങ്ങി കള്ള് വിൽക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. 70 ഗ്രൂപ്പുകളിലായി 384 ഷാപ്പുകളാണ് കണ്ണൂർ ജില്ലയിലുള്ളത്. ഇതിൽ 30 ഷാപ്പുകളിൽ മാത്രമാണ് ചെത്ത് കള്ള് എത്തിയിരിക്കുന്നത്. ഇത് വിൽക്കാനാണ് യൂണിയനുകൾ പുതിയ വ്യവസ്ഥ തേടുന്നത്. മലബാർ മേഖലയിൽ പാലക്കാടൻ കള്ള് എടുക്കാതെ ജില്ലയിലെ ചെത്ത് കള്ള് മാത്രമാണ് കണ്ണൂരിൽ വിൽക്കുന്നത്.