ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച അരിയിൽ ഷുക്കൂർ വധക്കേസിൽ സിബിഐ നൽകിയ കുറ്റപത്രം തലശേരി ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. അതേസമയം സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജൻ, എംഎൽഎ ടി.വി രാജേഷ് എന്നിവർ അടക്കമുളള പ്രതികൾ കുറ്റപത്രം തളളണമെന്ന് ആവശ്യപ്പെടും. സിബിഐ നിലപാട് അറിഞ്ഞ ശേഷം കേസിന്‍റെ വിചാരണ എറണാകുളത്തേക്ക് മാറ്റാനുളള നടപടി ഷുക്കൂറിന്‍റെ കുടുംബം സ്വീകരിക്കുമെന്നാണ് സൂചന.
സിബിഐ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ നേരത്തെ കണ്ടെത്തിയതിൽ നിന്ന് വ്യത്യസ്തമായി ഒന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി കുറ്റപത്രം തളളണമെന്ന് പി.ജയരാജന്‍റെയും ടിവി രാജേഷിന്‍റെയും അഭിഭാഷകർ ആവശ്യപ്പെട്ടേക്കും.കൂടാതെ കേസിൽ നിന്ന് ഒഴിവാക്കിക്കിട്ടാനായി ഇരുവരും വിടുതൽ ഹർജിയും തയ്യാറാക്കിയിട്ടുണ്ട്.
പി.ജയരാജനടക്കമുളള പ്രതികളും സിബിഐ പ്രതിനിധികളും ഇന്ന് കോടതിയിൽ ഹാജരാകും. സിബിഐ കുറ്റം ചുമത്തിയ കേസുകൾ സിബിഐ കോടതിയിൽ വിചാരണ ചെയ്യണമെന്ന സുപ്രീം കോടതി നിർദേശം ചൂണ്ടിക്കാട്ടി സിബിഐ തന്നെ വിചാരണ എറണാകുളം സിജെഎം കോടതിയിലേക്ക് മാറ്റുമെന്ന പ്രതീക്ഷയിലാണ് ഷുക്കൂറിന്‍റെ കുടുംബം. വിടുതൽ ഹർജിയിൽ ഇന്ന് തീരുമാനം ഉണ്ടാകുമോയെന്ന് ഉറപ്പില്ല.
കണ്ണൂർ തളിപ്പറമ്പ് അരിയിൽ സ്വദേശിയും എം.എസ്.എഫിന്‍റെ പ്രാദേശിക നേതാവുമായ അരിയിൽ അബ്ദുൽ ഷുക്കൂർ (24) എന്ന യുവാവിനെ 2012 ഫെബ്രുവരി 20ന് കണ്ണപുരം കീഴറയിലെ വള്ളുവൻ കടവിനടുത്ത് വെച്ചാണ് കൊലപ്പെടുത്തിയത്. ഈ കേസിൽ പി ജയരാജനും ടിവി രാജേഷിനും എതിരെ ഗൂഡാലോചനയും കൊലക്കുറ്റവുമാണ് ചുമത്തപ്പെട്ടിരിക്കുന്നത്.