കണ്ണൂർ: ടിപ്പർ ലോറിക്കടിയിൽപെട്ട സ്‌കൂട്ടർ യാത്രക്കാരി അത്ഭുകരമായി രക്ഷപ്പെട്ടു. ശ്രീകണ്‌ഠപുരം സെൻട്രൽ ജങ്ഷനിലാണ് അടിയിൽ കുടുങ്ങിയ സ്കൂട്ടറുമായി ടിപ്പർ ലോറി ഇരുപത് മീറ്റർ ഓടിയത്. സ്കൂട്ടർ ഓടിച്ചിരുന്ന പൊടിക്കളം സ്വദേശിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ബാങ്കിൽ ജോലി ചെയ്യുന്ന യുവതി സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ സെൻട്രൽ ജങ്ഷനിലെ സിഗ്നലിന് സമീപത്ത് നിന്നാണു സ്കൂട്ടറിനു പിന്നിൽ ടിപ്പർ ലോറി ഇടിച്ചത്. സ്കൂട്ടറിന്റെ പിറകുവശം തകർത്ത ശേഷം സ്കൂട്ടറും യുവതിയുമായി ലോറി മുന്നോട്ടു നീങ്ങുകയായിരുന്നു. സ്കൂട്ടർ കുടുങ്ങിയതു ലോറി ഡ്രൈവർ അറിഞ്ഞതുമില്ല.
റോഡരികിലുണ്ടായിരുന്നവർ അലറി വിളിച്ചപ്പോൾ ലോറി നിർത്തി. തെറിച്ചു വീണ യുവതിയെ രാജീവ് ഗാന്ധി സഹകരണ ആശുപത്രിയിൽ എത്തിച്ചു പ്രഥമ ശുശ്രൂഷ നൽകി. പൊലീസ് എത്തിയാണ് ടിപ്പറിനടിയിൽ നിന്ന് സ്‌കൂട്ടർ പുറത്തെടുത്തത്.