കണ്ണൂര്‍: ജില്ലയില്‍ പുതുതായി മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മാര്‍ച്ച് 18ന് ഷാര്‍ജയില്‍ നിന്നെത്തിയ ഒരാള്‍ക്കും ദുബായില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരാള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും രണ്ടുപേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്. ഇവരില്‍ രണ്ട് പേര്‍ കരിപ്പൂര്‍ വിമാനത്താവളം വഴിയും ഒരാള്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴിയുമാണ് എത്തിയത്. രണ്ട് പേര്‍ കണ്ണൂര്‍ സ്വദേശികളും ഒരാള്‍ കാസര്‍കോട് സ്വദേശിയുമാണ്. കാസര്‍കോട് സ്വദേശിയുടെ ഭാര്യ വീടാണ് കണ്ണൂരിലുള്ളത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഫറോക്കിലെത്തിയ ഇദ്ദേഹം ട്രെയിന്‍ മാര്‍ഗമാണ് കണ്ണൂരിലെ ഭാര്യവീട്ടിലെത്തിയത്. ഇവരുമായി നേരിട്ടും അല്ലാതെയും സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തിവരികയാണ്.
മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. പുതിയ സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കുമെന്നും ജനങ്ങള്‍ സ്വയം അച്ചടക്കം പാലിക്കാന്‍ തയ്യാറാകണമന്നും ജില്ലാ കലക്‌ടര്‍ ടി.വി സുഭാഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രോഗം സ്ഥിരീകരിച്ച മൂന്ന് പേര്‍ക്ക് പുറമെ, കൊവിഡ് 19 ബാധ സംശയിക്കുന്ന 19 പേര്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലും എട്ട് പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 11 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. 5,172 പേരാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. ഇതുവരെ 143 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ നാലെണ്ണത്തിന്‍റെ ഫലം പോസിറ്റീവും 128 എണ്ണത്തിന്‍റെ ഫലം നെഗറ്റീവുമാണ്. 11 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.
ശനിയാഴ്‌ച കണ്ണൂര്‍ വിമാനത്താവളത്തില്‍ 11 വിമാനങ്ങളിലായി എത്തിയ 634 യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കി. കണ്ണൂര്‍, തലശ്ശേരി, പയ്യന്നൂര്‍, പഴയങ്ങാടി, കണ്ണപുരം റെയില്‍വേ സ്റ്റേഷനുകളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന യാത്രക്കാരെ സ്‌ക്രീനിങ്ങിന് വിധേയരാക്കുകയും അവര്‍ക്ക് ബോധവല്‍ക്കരണ ലഘുലേഖ നല്‍കുകയും ചെയ്‌തു. ശനിയാഴ്‌ച 4,138 യാത്രക്കാരെ സ്‌ക്രീനിങ്ങിന് വിധേയരാക്കിയതില്‍ ആറ് പേരെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്‌തു. 417 പേരെ വീടുകളില്‍ ഐസോലേഷന് നിര്‍ദേശം നല്‍കി പറഞ്ഞയച്ചു.