കണ്ണൂര്‍: കണ്ണൂര്‍ കാസര്‍കോട് അതിര്‍ത്തിയിലെ തിമിരി വയലിൽ, അനുഷ്‌ഠാന പെരുമയിൽ തെയ്യം വിത്തിടാൻ എത്തി. കാര്‍ഷിക സമൃദ്ധി ഏകാൻ വലിയവളപ്പിൽ ചാമുണ്ഡിയാണ് വയലിൽ വിത്തെറിഞ്ഞത്. ഉർവരതയുടെ പ്രതീകമായ കാട്ടുമൂർത്തി എന്നറിയപ്പെടുന്ന ദേവത സങ്കല്‍പമാണ് വലിയ വളപ്പിൽ ചാമുണ്ഡി.
തെയ്യം വയലിൽ വിത്തിട്ട ശേഷം മാത്രമാണ് തിമിരി ഗ്രാമത്തിൽ കൃഷി ആരംഭിക്കുന്നത്. ചെണ്ടയുടെയും വാല്യക്കാരുടെയും കൈവിളക്കിന്‍റെയും അകമ്പടിയോടെ എത്തിയ ചാമുണ്ഡി ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ തിമിരി വയലിൽ വിത്തിട്ടു. സംക്രമ ദിവസത്തിൽ തിമിരി ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ ആരംഭിക്കുന്ന തെയ്യം തുലാം ഒന്നിനാണ് വയലിൽ വിത്തിടാൻ എത്തുന്നത്.
ഗ്രാമത്തിന്‍റെ അധിപതിയായ മടയിൽ ചാമുണ്ഡേശ്വരി ആധിപത്യമുണർത്തുന്ന പ്രദേശങ്ങളിലെ കർഷകരെയും കന്നുകാലികളെയും കാത്തുരക്ഷിക്കാനും സംരക്ഷിക്കാനുള്ള ചുമതല വലിയ വളപ്പിൽ ചാമുണ്ഡിക്ക് കൽപ്പിച്ചു നൽകി എന്നാണ് വിശ്വാസം. കുരുത്തോല കൊണ്ടുള്ള തിരുമുടിയും വെള്ളി കൊണ്ടുള്ള മുഖാവരണവും ചെമ്പട്ടുമാണ് കാട്ടുമൂർത്തിയുടെ വേഷം. വിത്തു വിതച്ച് വയലിൽ നൃത്തം ചവിട്ടിയ ശേഷം തെയ്യം ദേശസഞ്ചാരം നടത്തും.
കുഞ്ഞു കിടാങ്ങൾക്കും കന്നുകിടാങ്ങൾക്കും ആയുര്‍ ആരോഗ്യം നേരാൻ വീടുകളിലെത്തുന്ന തെയ്യത്തെ നിലവിളക്കു കൊളുത്തി സ്വീകരിച്ച് ഭക്തർ നെല്ലും പണവും കാണിക്കയായ് നൽകും.