കണ്ണൂര്‍: ഓൺലൈൻ പഠനസാഹചര്യമില്ലാത്തതിന്‍റെ പരിഭവം മക്കൾ പറഞ്ഞപ്പോൾ കുയിലമ്മ ഒരു നിമിഷം ഒന്ന് പതറി. പിന്നെ ഒന്നു ആലോചിച്ചില്ല, തന്‍റെ അവസ്ഥ പരിയാരം പഞ്ചായത്ത് ഓഫീസിലെത്തി പ്രസിഡന്‍റ് എ രാജേഷിനെ അറിയിച്ചു. തന്‍റെ കുട്ടികൾക്ക് പഠിക്കാനാവശ്യമായ സൗകര്യ കുറവ് നികത്തി തരണമെന്ന് ആവശ്യപ്പെട്ടു. പരാതി കേട്ട് ആശ്വസിപ്പിച്ച് വിടുകയല്ല പ്രസിഡന്‍റ് ചെയ്തത്. അൽപസമയത്തിനകം സ്മാർട്ട് ഫോൺ തന്നെ അവരുടെ കൈകളിലെത്തിക്കുകയായാണ്.
പരിയാരം പഞ്ചായത്തിലെ പതിനേഴാം വാർഡിലെ കോളനിയിലാണ് ഇവരുടെ താമസം. പട്ടുവം ഗവണ്‍മെന്‍റ് ഹയർ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടുവിന് പഠിക്കുന്ന മകൾ ജ്യോതിക്കും അതേ വിദ്യാലയത്തിൽ പ്ലസ് വണില്‍ പഠിക്കുന്ന അമ്പിളിക്കും ഓണ്‍ലൈന്‍ പഠന സൗകര്യമില്ല. കുയിലമ്മയുടെ ഭർത്താവ് നേരത്തെ മരിച്ചു. ഏറെ പ്രയാസപ്പെട്ടാണ് ഇവർ മക്കളെ പഠിപ്പിക്കുന്നത്. കൊവിഡ് കാരണം ഓൺലൈനിലാണ് ക്ലാസ്സ് എന്നറിഞ്ഞതോടെ ഈ അമ്മയുടെ നെഞ്ചിടിപ്പ് കൂടി. എല്ലാ കുട്ടികൾക്കും പഠന സൗകര്യം ഏർപ്പെടുത്തുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ കേട്ടാണ് പഞ്ചായത്ത് പ്രസിഡന്‍റിനെ കണ്ടത്. കുയിലമ്മയുടെ വീട്ടിൽ ഓൺലൈൻ പഠനത്തിനായി യാതൊരുവിധ സൗകര്യവുമില്ല. ടി.വിയോ സ്മാർട്ട് ഫോണോ ഇല്ലാത്തതിനാൽ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു. തുടർന്നാണ് പഞ്ചായത്തിൽ എത്തി തങ്ങളുടെ അസൗകര്യം അറിയിച്ചതും.
ഇപ്പോൾ മൊബൈലിൽ ഓൺലൈൻ ക്ലാസ്സുകളിലൂടെ പഠിക്കാൻ സാധിക്കുന്നുണ്ട്. എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠനം സാധ്യമാക്കാൻ വിപുലമായ സൗകര്യം ഗ്രന്ഥശാലകളിലും മറ്റും ഒരുക്കിയതായി പ്രസിഡന്‍റ് എ. രാജേഷ് അറിയിച്ചു.