കണ്ണൂര്‍: തളിപ്പറമ്പ്-പട്ടുവം ആശാരി വളവിൽ റോഡരികിലെ മതിൽ തകർന്ന് വീട് അപകടാവസ്ഥയിൽ. ആശാരി വളവിലെ ടി പി രാജന്‍റെ വീടാണ് അപകട ഭീഷണിയിലായത്. കുടിവെള്ള പദ്ധതിക്കായി മതിലിനോട് ചേർന്ന റോഡിന്റെ ഭാഗത്തെ കുടിവെള്ള പൈപ്പ് പൊട്ടിയത് വാട്ടർ അതോറിറ്റി നന്നാക്കാത്തതാണ് മതിൽ തകരാനുള്ള കാരണമായി നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്.
ബുധനാഴ്ച പുലർച്ചെ രണ്ട് മണിക്കാണ് അപകടമുണ്ടായത്. കനത്ത മഴയിൽ മതിൽ ഇടിഞ്ഞ് കൂറ്റൻ ഉരുളൻ കല്ലുകൾ രാജന്റെ വീടിന്‍റെ കിടപ്പ് മുറിയുടെ ചുമരിൽ പതിക്കുകയായിരുന്നു.റോഡിൽ നിന്നും നാല് മീറ്ററോളം താഴ്ചയിലാണ് രാജന്‍റെ വീട് സ്ഥിതി ചെയ്യുന്നത്. തളിപ്പറമ്പ് - പട്ടുവം റോഡ് വീതി കൂട്ടുന്ന സമയത്ത് നിർമാണ പ്രവൃത്തിക്കിടയിൽ ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടിയിരുന്നു. തുടർന്ന് കുടിവെള്ളം മതിലിൽ കൂടി ഒഴുകി രാജന്‍റെ വീട്ടുവളപ്പിലാണ് എത്തിയിരുന്നത്.
പൈപ്പ് പൊട്ടി വെള്ളം ഒഴുകി മതിൽ അപകടാവസ്ഥയിലായ വിവരം രാജൻ വാട്ടർ അതോറിറ്റി അധികൃതരെ അറിയിച്ചിരുന്നുവെങ്കിലും നടപടികളൊന്നും ഉണ്ടായിരുന്നില്ല. ഇതാണ് അപകട കാരണമായി ചൂണ്ടിക്കാണിക്കുന്നത്. വിഷയത്തിൽ വാട്ടർ അതോറിറ്റി അധികൃതർ ഇടപെട്ട് അടിയന്തര പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.c