കണ്ണൂര്‍: വര്‍ഷങ്ങളായി അസൗകര്യങ്ങളാൽ വീർപ്പുമുട്ടിയിരുന്ന തളിപ്പറമ്പ് റേഞ്ച് എക്സൈസ് ഓഫിസ് താത്ക്കാലികമായി മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍റെ ഇടപെടലിനെ തുടര്‍ന്നാണ് താത്ക്കാലിക കെട്ടിടത്തിലേക്ക് മാറ്റിയത്. തളിപ്പറമ്പ് ദേശീയപാതയിലെ പൂക്കോത്ത് നടയിലെ പൊളിഞ്ഞു വീഴാറായ പഴയ ഓടിട്ട കെട്ടിടത്തിലാണ് 30 വർഷത്തിലധികമായി പ്രവർത്തിച്ചിരുന്നത്.
മഴക്കാലത്ത് വെള്ളം ഓഫിസിനകത്തേക്ക് ചോർന്നൊലിച്ച് ഫയലുകൾ അടക്കം നഷ്ടപ്പെടുന്ന അവസ്ഥ നേരിട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി നിവേദനങ്ങൾ നൽകിയിരുന്നു. കാഞ്ഞിരങ്ങാട് സ്വന്തമായി കെട്ടിടം നിർമിക്കാനുള്ള ഒരുക്കത്തിലാണ് എക്‌സൈസ്. അത് എത്രയും പെട്ടെന്ന് പൂർത്തിയാക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ.
വർഷങ്ങളായുള്ള എക്സൈസ് ഉദ്യോഗസ്ഥരുടെ ദുരിതത്തിന് താത്ക്കാലിക ശാപമോക്ഷമുണ്ടായതിന്‍റെ സന്തോഷത്തിലാണ് ഏവരും. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ടി രാഗേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സി.ഐ ശ്രീരാഗ് ബാലകൃഷ്ണ ബി.കെ, റേഞ്ച് എസ്.ഐ.എം ദിലീപ്, അസോസിയേഷൻ പ്രസിഡന്‍റ് കെ രാഗേഷ്, വി.പി ഷാജി, എം.വി അഷ്‌റഫ് തുടങ്ങിയവർ സംബന്ധിച്ചു.
ALSO READ: കോട്ടയം കലക്ടറായി ചുമതലയേറ്റ് ഡോ.പികെ ജയശ്രീ