കണ്ണൂര്‍: കൊവിഡ്-19 സംശയിച്ച് കണ്ണൂർ ജില്ലയില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 72 ആയി. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 31 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 24 പേരും ജില്ലാ ആശുപത്രിയില്‍ 17 പേരുമാണുള്ളത്. 6432 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ ജില്ലയില്‍ നിന്ന് 214 സാംപിളുകളാണ് പരിശോധനക്കയച്ചത്. 154 എണ്ണത്തിന്‍റെ ഫലം വന്നു. ഇതില്‍ അഞ്ച് എണ്ണം പോസിറ്റീവും ബാക്കി നെഗറ്റീവുമാണ്.
60 എണ്ണത്തില്‍ ഫലം ലഭിക്കാനുണ്ട്. ഇതുവരെ ജില്ലക്കാരായ 16 പേര്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇവയില്‍ അഞ്ചു പേരുടെ സാമ്പിളുകള്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ നിന്നും ഒൻപതെണ്ണം എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ നിന്നുമാണ് പരിശോധനക്കയച്ചത്. ബാംഗ്ലൂരിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ്, കോഴിക്കോട് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ നിന്ന് ഓരോ സാമ്പിളുകള്‍ പരിശോധിച്ചു. പരിശോധനാ ഫലം പോസിറ്റീവായ 16ല്‍ 15 പേര്‍ നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
തുടര്‍ഫലങ്ങള്‍ നെഗറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരാള്‍ നേരത്തേ ആശുപത്രി വിട്ടിരുന്നു. അതിനിടെ സർക്കാർ ഉത്തരവ് മറികടന്ന് റോഡിലിറങ്ങിയ എട്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. ബീവറേജ് ഔട്ട്ലറ്റുകളും അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കണ്ണൂർ ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടക്കുന്നുണ്ട്.