കണ്ണൂർ:തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന ഉത്തര മലബാർ കർഷക പ്രക്ഷോഭത്തിൻ്റെ രണ്ടാം ഘട്ടത്തിലും വൻ ജന മുന്നേറ്റം. വിളകൾക്ക് വില സ്ഥിരത ഉറപ്പാക്കുക, വന്യമൃഗ ശല്യം തടയുക, കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുക തുടങ്ങിയ പതിനഞ്ചോളം ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം. പ്രതിഷേധക്കാർ ആറളം വൈൽഡ് ലൈഫ് ഗാർഡിൻ്റെ ഓഫീസിലേക്ക് കൂട്ടായ്മ മാർച്ചും ധർണ്ണയും നടത്തി. ആറളം വൈൽഡ് ലൈഫ് ഗാർഡിൻ്റെ ഓഫീസിലേക്ക് നടന്ന പ്രതിഷേധ പരിപാടിക്ക് തലശേരി അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പാംപ്ലാനി നേതൃത്വം നൽകി. 'നിവർന്ന് നിൽക്കണം നാം നിലപാടുകളുമായി' എന്ന മുദ്രാവാക്യം ഉയർത്തിയാണ് രണ്ടാം ഘട്ട കർഷക പ്രക്ഷോഭം നടക്കുന്നത്. പ്രക്ഷോഭകരുടെ മഹാ സംഗമം ഡിസംബർ ഒൻപതിന് കണ്ണൂരിൽ നടക്കും.
ആദ്യഘട്ടത്തിൽ 250 കേന്ദ്രങ്ങളിൽ നടന്ന കണ്ണീർ ചങ്ങലയിൽ പതിനായിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. കർഷക്കൊപ്പം സ്ത്രീകളെയും അണിനിരത്തിയായിരുന്നു പ്രക്ഷോഭം. കാലാകാലങ്ങളായി കർഷകർ പ്രശ്നങ്ങൾ ഉയർത്തിട്ടും ശാശ്വത പരിഹാരമില്ലാതായതോടെയാണ് വലിയ പ്രക്ഷോഭത്തിന് തലശ്ശേരി അതിരൂപത നേതൃത്വം നൽകിയത്.തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ കണ്ണൂർ, കോട്ടയം, ബത്തേരി രൂപതകളും വിവിധ പ്രസ്ഥാനങ്ങളും ചേർന്നാണ് ഉത്തര മലബാർ കർഷക പ്രക്ഷോഭം നടത്തുന്നത്.