കണ്ണൂര്‍: ട്രെയിൻ തീവെപ്പ് കേസില്‍ പൊലീസ് പുറത്തുവിട്ട രേഖ ചിത്രവുമായി സാമ്യമുള്ള ഒരാൾ കണ്ണൂർ ജില്ല ആശുപത്രിയിൽ ചികിത്സ തേടിയതായി സൂചന. ഇതുമായി ബന്ധപെട്ട് റെയിൽവേ പൊലീസ് ജില്ല ആശുപത്രിയിൽ പരിശോധന നടത്തി. ഇന്നലെ രാത്രി 12.15 മണിയോടെയാണ് ഇയാൾ ആശുപത്രിയിൽ ചികിത്സ തേടിയത്.
സിസിടിവി പരിശോധിച്ച് പൊലീസ്: പ്രതിയാണെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. അതിനിടെ ആലപ്പുഴ- കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിലുണ്ടായ തീവെപ്പിൽ നിന്നും രക്ഷപ്പെടാനായി പുറത്തേക്ക് ചാടി മരണപെട്ട കരുതുന്ന നൗഫീക്കിന്‍റെയും റഹ്മത്തിന്‍റെയും ഇന്‍ക്വസ്‌റ്റ് പൂർത്തിയായി. ഇവരുടെ മൃതദേഹങ്ങള്‍ വൈകീട്ട് നാട്ടിൽ എത്തിച്ച് സംസ്‌കാര ചടങ്ങുകൾ നടക്കും. ഇരുവരുടേയും ശരീരത്തിൽ പൊള്ളലേറ്റ പാടുകളില്ല. എന്നാല്‍ തലക്ക് പിന്നിൽ മുറിവേറ്റിട്ടുണ്ട്. അതേസമയം ശരീരത്തിലെ പരിക്ക് ട്രെയിനിൽ നിന്ന് വീണുണ്ടായതാണെന്നാണ് നിഗമനം.
ആലപ്പുഴ- കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിലുണ്ടായ തീവെപ്പിൽ നിന്ന് രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയ മൂന്ന് പേരെയാണ് റെയില്‍വേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മട്ടന്നൂർ സ്വദേശി റഹ്മത്ത്, ഇവരുടെ സഹോദരി പുത്രി രണ്ട് വയസുകാരി സഹറ, മട്ടന്നൂർ സ്വദേശി നൗഫിക് എന്നിവരാണ് മരിച്ചത്. ട്രെയിൻ വേഗത കുറക്കുന്നതിന് മുമ്പ് പുറത്തേക്ക് ചാടിയതാണ് മരണത്തിന് കാരണമായത്. റെയിൽവേ ട്രാക്കിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
രണ്ട് വയസുകാരി സഹറയുടെ ഉമ്മ കോഴിക്കോട്ട് പഠിക്കുകയാണ്. ഇവിടെ നിന്നും കുഞ്ഞുമായി കണ്ണൂരിലേക്ക് മടങ്ങുകയായിരുന്നു റഹ്മത്ത്. മരിച്ച നൗഫീഖ് ആക്കോട് നോമ്പുതുറ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു. കോഴിക്കോട് നിന്നാണ് ഇയാൾ ട്രെയിനിന് കയറിയത്. മൂന്നു പേരുടെയും മരണം ജന്മനാട് ഇതുവരെയും ഉൾക്കൊണ്ടിട്ടില്ല.
Also Read: ട്രെയിനില്‍ തീവയ്പ്പ് നടത്തിയ അക്രമിയുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ് ; ഊര്‍ജിത തെരച്ചില്‍
അന്വേഷണം ഊര്‍ജിതം: സംഭവത്തില്‍ റെയിൽവേ പൊലീസ് കേസെടുത്തിട്ടുണ്ട്. വധശ്രമം, സ്ഫോടക വസ്‌തു നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ, തീവയ്‌പ്പ് തുടങ്ങി അഞ്ച് വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. മാത്രമല്ല സംഭവത്തിന് ഭീകരവാദ ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് സ്ഥലത്തെത്തി സംഭവം അന്വേഷിച്ചുവരികയാണ്. അതേസമയം അക്രമി ഉത്തരേന്ത്യന്‍ സ്വദേശിയാണെന്ന സംശയവും പൊലീസിനുണ്ട്. അതുകൊണ്ടുതന്നെ മുന്‍പ് രാജ്യത്തുനടന്ന സമാനമായ സംഭവങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ വിശദമായി പരിശോധിക്കുന്നുണ്ട്.
കോഴിക്കോട് ഇന്നലെ രാത്രിയാണ് അജ്ഞാതന്‍ ഓടുന്ന ട്രെയിനിൽ സഹയാത്രികരുടെ മേൽ പെട്രോൾ ഒഴിച്ച് തീക്കൊളുത്തിയത്. എലത്തൂർ സ്റ്റേഷനും കോരപ്പുഴ പാലത്തിനും ഇടയിൽ വച്ചാണ് സംഭവം നടക്കുന്നത്. ട്രെയിനിലെ ഡി-1 കമ്പാര്‍ട്ട്മെന്‍റിലെത്തിയ അക്രമി യാതൊരു പ്രകോപനവും ഇല്ലാതെ പൊടുന്നനെ സഹയാത്രികരുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു.