കണ്ണൂർ: സംസ്ഥാനത്തെ ആദ്യ വിദ്യാഭ്യാസ സമുച്ചയത്തിന് തളിപ്പറമ്പില്‍ തറക്കല്ലിട്ടു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥാണ് തറക്കല്ലിട്ടത്. ദേശീയ പാതയോരത്ത് തളിപ്പറമ്പ് ചിറവക്കില്‍ വിദ്യാഭ്യാസ വകുപ്പിന് സ്വന്തമായുള്ള 30 സെന്‍റ് സ്ഥലത്താണ് സമുച്ചയം നിര്‍മിക്കുന്നത്. ജയിംസ് മാത്യു എംഎല്‍എയുടെ ആസ്‌തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 70 ലക്ഷം രൂപ വിനിയോഗിച്ചാണ് ഒന്നാം ഘട്ട പ്രവൃത്തികൾ പൂര്‍ത്തിയാക്കുക.
വിദ്യഭ്യാസമേഖലയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. ആ മാറ്റങ്ങൾക്ക് നേതൃത്വം നൽകുന്നതിന് ഭരണപരമായ സ്ഥാപനങ്ങളും ആധുനികവൽക്കരിക്കണം. സാർവത്രിക വിദ്യാഭ്യസത്തിലെന്നപോലെ ആധുനിക വിദ്യാഭ്യാസത്തിലും കേരളം ലോകത്തിന് മാതൃകയാവണം. വിദ്യാഭ്യാസം ജനാധിപത്യ വിദ്യാഭ്യസം ആകുമ്പോഴാണ് അത് ആധുനിക വിദ്യാഭ്യാസമാകുന്നത്. വിദ്യാർഥികളില്‍ കഴിവും അഭിരുചിയും പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യം, അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള പരിശീലനം, സംസ്ഥാനത്തെ വിദ്യാഭ്യാസപ്രവര്‍ത്തകർക്ക് ഒത്തുചേരാനുള്ള പൊതു ഇടം എന്നീ ലക്ഷ്യങ്ങളോടെയാണ് വിദ്യാഭ്യാസ സമുച്ചയം ആസൂത്രണം ചെയ്‌തിട്ടുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
1500 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ 18 മീറ്റര്‍ നീളവും എട്ട് മീറ്റര്‍ വീതിയുള്ള സ്റ്റേജും ഒരുക്കും. കൂടാതെ സ്ത്രീകള്‍ക്കുള്ള ശുചിമുറിയും ഗ്രീന്‍ റൂമുണ്ടാകും. ഓഫീസ് മുറിയും പുരുഷന്മാര്‍ക്കുള്ള ശുചിമുറിയും ഒന്നാം നിലയിലാണ് ഒരുക്കുക. ജയിംസ് മാത്യു എംഎല്‍എ അധ്യക്ഷനായി. തളിപ്പറമ്പ് നഗരസഭ ചെയര്‍മാന്‍ മഹമൂദ് അള്ളാംകുളം മുഖ്യാതിഥിയായി.