കണ്ണൂർ: ജലഗതാഗത വകുപ്പിൻ്റെ ആദ്യ വാട്ടര്‍ ടാക്‌സി തിങ്കളാഴ്‌ച മുതല്‍ സര്‍വിസ് നടത്തും. പറശിനി പുഴയിലാണ് വാട്ടര്‍ ടാക്‌സി സര്‍വിസ് നടത്തുകയെന്ന് ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി. മുകുന്ദന്‍ പറഞ്ഞു. വാട്ടര്‍ ടാക്‌സി സര്‍വിസ് നടത്തുന്നതോടെ ടൂറിസം പദ്ധതിയുടെ ഭാഗമായി പറശിനിക്കടവിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കും നാട്ടുകാർക്കും പ്രകൃതിസൗന്ദര്യം ആസ്വദിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മലബാര്‍ മലനാട് റിവര്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി ഒരുക്കിയ ബോട്ട് ടെര്‍മിനല്‍ കേന്ദ്രീകരിച്ചാകും വാട്ടര്‍ ടാക്‌സി സര്‍വിസ് നടത്തുക. പുതുവര്‍ഷ സമ്മാനമായി ലഭിച്ച ഇന്ത്യയിലെ രണ്ടാമത്തെ വാട്ടര്‍ ടാക്‌സിയാണിത്. കൊച്ചിയിലെ നവഗതി മറൈന്‍ ഡിസൈന്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍സാണ് സംസ്ഥാന ജലഗതാഗത വകുപ്പിനായി ബോട്ട് നിര്‍മിച്ചു നൽകിയത്. ജയിംസ് മാത്യു എം.എല്‍.എയുടെ ഇടപെടലിൻ്റെ ഫലമായാണ് വാട്ടര്‍ ടാക്‌സി പറശനിയില്‍ അനുവദിച്ചത്.
ഒരു മണിക്കൂറിന് 1500 രൂപയാണ് നിരക്ക്. പത്തുപേരുണ്ടെങ്കില്‍ ഒരാള്‍ക്ക് 160 രൂപ. അരമണിക്കൂറിന് 750 രൂപക്കും സഞ്ചരിക്കാം. ധര്‍മശാലയിലെ ടൂറിസം ഫെസിലിറ്റേഷന്‍ സെൻ്ററില്‍ ബുക്കിങ് സൗകര്യം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വാട്ടര്‍ ടാക്‌സിയുടെ ഉദ്ഘാടനം മന്ത്രി എ.കെ ശശീന്ദ്രന്‍ നിർവഹിക്കും.