കണ്ണൂർ: കണ്ണൂർ പേരാവൂരിൽ നാടൻ തോക്കും, തിരകളും വാറ്റുചാരായവുമായി സഹോദരങ്ങൾ പിടിയിൽ. കണിച്ചാർ കാടന്മല സ്വദേശി മരാടി വീട്ടിൽ എം.കെ.സുരേഷ്, സഹോദരൻ എം.കെ.രാജൻ എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇവരിൽ നിന്ന് നാടൻ തോക്കിനൊപ്പം ഇരുപത് വെടിയുണ്ടകളും കണ്ടെടുത്തു.
എക്സൈസ് കമ്മിഷണറുടെ ഉത്തരമേഖലാ സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് കൊളക്കാട്, ഏലപ്പീടിക, വെള്ളൂന്നി ഭാഗങ്ങളിൽ വിൽപ്പന നടത്തുന്നതിനായി വാറ്റിയെടുത്ത ചാരായം സഹിതമാണ് ഇവർ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. വീട്ടുപറമ്പിലെ മുളങ്കൂട്ടത്തിനിടയിൽ ഒളിപ്പിച്ചു വെച്ച 120 ലിറ്റർ വാഷും, 10 ലിറ്റർ ചാരായവുമാണ് പിടികൂടിയത്. പിടിച്ചെടുത്ത തോക്കും തിരകളും കേളകം പോലീസിന് കൈമാറി. കൂത്തുപറമ്പ് ചീഫ് മജിസ്ട്രേറ്റ് ജുഡീഷ്യല്‍ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.