കണ്ണൂർ: കണ്ണൂരില്‍ കൊവിഡ് ബാധിച്ച് മരിച്ച എക്സൈസ് ഡ്രൈവറുടെ മൃതദേഹം സംസ്കരിച്ചു. ബ്ലാത്തൂർ സ്വദേശി കെ. പി. സുനിൽ ആണ് ബുധനാഴ്ച രാവിലെ മരിച്ചത്. 28 വയസായിരുന്നു. പടിയൂർ ഊരത്തൂരിലെ പൊതു ശ്മശാനത്തിൽ കൊവിഡ് മാനദണ്ഡം അനുസരിച്ചാണ് സംസ്കാര ചടങ്ങുകൾ നടന്നത്. ബ്ലാത്തൂർ സ്വദേശിയായ സുനിലിന് രോഗം പടർന്നത് എങ്ങനെയെന്ന് വ്യക്തമല്ല.
ജൂൺ 14നാണ് സുനിലിന് കൊവിഡ് സ്ഥിരീകരിച്ചത്. ന്യുമോണിയ ബാധിച്ച് ഇരു ശ്വാസകോശങ്ങളുടെയും പ്രവർത്തനം ഗുരുതരാവസ്ഥയിലായിരുന്ന ഇദ്ദേഹം കണ്ണൂർ ഗവൺമെന്‍റ് മെഡിക്കൽ കോളജിൽ വെന്‍റിലേറ്ററിലായിരുന്നു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്നാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇദ്ദേഹത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
ഈ മാസം മൂന്നാം തിയതി അബ്ക്കാരി കേസില്‍ അറസ്റ്റിലായ പ്രതിയെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കുന്നതിന് വേണ്ടി ഡ്രൈവര്‍ ജില്ല ആശുപത്രിയില്‍ എത്തിയിരുന്നു. തുടര്‍ന്ന് പ്രതിയുമായി തോട്ടടയിലെ സര്‍ക്കാര്‍ ക്വാറന്‍റീന്‍ കേന്ദ്രത്തിലും ഇദ്ദേഹം എത്തിയതായി ആരോഗ്യവകുപ്പ് കണ്ടെത്തി. സുനിലിന്‍റെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള മട്ടന്നൂർ എക്സ്സൈസ് ഓഫീസിലെ 18 ഉദ്യോഗസ്ഥരും കുടുംബത്തിലെ 25ഓളം പേരും ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടാതെ മട്ടന്നൂർ റേഞ്ച് എക്സ്സൈസ് ഓഫീസ് കഴിഞ്ഞ ദിവസം പൂട്ടി.