കണ്ണൂര്‍: കേരളത്തിലെ നിരവധി കവര്‍ച്ച കേസുകളിൽ പ്രതികളായ രണ്ട് പേരെ പയ്യന്നൂർ പൊലീസ് പിടികൂടി. തിരുവല്ല ആഞ്ഞിലത്താനം സ്വദേശി സന്തോഷ് കുമാറെന്ന ഹസ്സനെയും, ചെങ്ങന്നൂര്‍ തൃപ്പനംതറ സ്വദേശി തീപ്പൊരി പ്രസാദെന്ന പ്രസാദിനെയുമാണ് പയ്യന്നൂര്‍ എസ് ഐ ശ്രീജിത്ത് കൊടേരിയും സംഘവും പിടികൂടിയത്. ബീവറേജ് കോര്‍പ്പറേഷന്‍റെ ഔട്ട്ലെറ്റില്‍ നിന്നും മദ്യം വാങ്ങിക്കാനായി എത്തിയപ്പോഴാണ് ഹസ്സന്‍ പിടിയിലായത്. ഔട്ട്ലെറ്റിലുണ്ടായിരുന്നവർക്ക് സംശയം തോന്നിയതിനെ തുടർന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ഹസ്സനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൂട്ടുപ്രതിയായ പ്രസാദിനെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നത്. പ്രസാദിനെ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം കേസുകള്‍ ഇവര്‍ക്കെതിരെയുണ്ട്. ആറ് മാസം മുമ്പാണ് ഇരുവരും ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. ഹസ്സന്‍ പോള്‍ മുത്തൂറ്റ് കേസ്സിലെ പ്രതികൂടിയാണ്. പ്രതികളെ അന്വേഷണ സംഘം വിശദമായി ചോദ്യംചെയ്ത് വരികയാണ്.