കണ്ണൂർ: ദിനേശ് ബീഡി കമ്പനിയിൽ ബീഡിതെറുത്ത് കിട്ടിയ കൂലി കൂട്ടി വച്ച് വണ്ടിക്കൂലി കണ്ടെത്തി നാസിക്കിലെ ദേശീയ മാസ്റ്റേഴ്‌സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ഒരു വനിതയുണ്ട് കരിവെള്ളൂരിൽ. കരിവെള്ളൂർ കുതിരുമ്മലിലെ ടിവി തമ്പായി. നാല് സ്വർണമടക്കം 5 മെഡലുകളുമായാണ് ചാമ്പ്യൻഷിപ്പിൽ നിന്നും തമ്പായി മടങ്ങിയത്.
5000 മീറ്റർ, 1500 മീറ്റർ, 800 മീറ്റർ, 4×400 മീറ്റർ റിലെ എന്നിങ്ങനെ നാല് ഇനങ്ങളിലാണ് തമ്പായി സ്വർണം നേടിയത്. 400 മീറ്ററിൽ വെള്ളിയും തമ്പായി സ്വന്തമാക്കി. 2017ലെ സിഐടിയു മെയ് ദിന കായിക മേളയിലൂടെയാണ് തമ്പായി കായിക ലോകത്ത് ശ്രദ്ധ നേടുന്നത്.
തുടർന്നിങ്ങോട്ട് തുടർച്ചയായ അഞ്ചാം വർഷമാണ് ദേശീയ മാസ്റ്റേഴ്‌സ് ചാമ്പ്യൻഷിപ്പിൽ തമ്പായി സ്വർണം കൊയ്യുന്നത്. 52-ാം വയസിലും ട്രാക്കിലെ മികച്ച അത്‌ലറ്റായിട്ടും ഉള്ളിൽ വേദനയുടെ നെരിപ്പോടെരിയുന്നുണ്ടെന്ന് തമ്പായി പറയുന്നു. ദേശീയ മാസ്റ്റേഴ്‌സ് മീറ്റിനായുള്ള മുഴുവൻ ചെലവും തമ്പായി സ്വന്തമായാണ് വഹിക്കുന്നത്.
വലിയ സാമ്പത്തിക സ്ഥിതിയില്ലാത്ത തമ്പായി ബീഡി തെറുത്താണ് യാത്രചെലവും താമസിക്കാനുള്ള റൂം വാടകയുമൊക്കെ കണ്ടെത്തുന്നത്. ഓരോ സുവർണ നേട്ടത്തിന് ശേഷവും അടുത്ത മീറ്റിന് പോകാൻ തനിക്ക് നേരെ ഒരു സഹായ ഹസ്‌തം നീളുമെന്ന് ഇവർ പ്രതീക്ഷിക്കാറുണ്ട്.
നാഷണൽ മീറ്റുകളിലടക്കം പങ്കെടുത്തു മെഡൽ വാങ്ങിയതാണ് തമ്പായിയുടെ രണ്ട് പെൺമക്കളും. ഇവർക്ക് ഒരു സർക്കാർ ജോലി ലഭിക്കുന്നതിനായി തമ്പായി മുട്ടാത്ത വാതിലുകൾ ഇല്ല. അവിടെയും നിരാശ ആയിരുന്നു ഫലം. തമ്പായിയുടെ വീടിന്‍റെ സ്വീകരണ മുറിയിലെ സ്വർണത്തിളക്കം ഈ അമ്മയുടെയും മക്കളുടെയും മികവ് വിളിച്ചു പറയുന്നുണ്ട്.