കണ്ണൂർ : തളിപ്പറമ്പ് ലീഗിലെ വിഭാഗീയത നഗരസഭാഭരണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്ക. ഭരണപക്ഷത്തെ 19 അംഗങ്ങളില്‍ അള്ളാംകുളം പക്ഷത്ത് 7 പേരും സുബൈർ വിഭാഗത്തില്‍ 8 കൗണ്‍സിലര്‍മാരുമാണ്.
4 അംഗങ്ങള്‍ കോൺഗ്രസിനുമുണ്ട്. ലീഗിൽ ഉടലെടുത്ത പ്രശ്‌നങ്ങൾ പ്രതിപക്ഷത്തിന് അനുകൂലമാകുമോ എന്നത് കണ്ടറിയണം. ലീഗിലെ ഇരുവിഭാഗങ്ങളും 2 കമ്മിറ്റികളായി പ്രവർത്തിക്കുമെന്നുറപ്പായതോടെ നഗരസഭ ഭരണവും പ്രതിസന്ധിയിലായിരിക്കുകയാണ്.
ജില്ലാനേതൃത്വം നടപടി സ്വീകരിച്ചതോടെ സമാന്തര കമ്മിറ്റിയുമായി മുന്നോട്ട് പോകാനാണ് 7 സീറ്റുകളുള്ള അള്ളാംകുളം വിഭാഗത്തിന്‍റെ തീരുമാനം. എന്നാൽ ഏണി ചിഹ്നത്തിൽ വിജയിച്ച ആൾ തന്നെയാകും ഇനിയുള്ള 5 വർഷവും നഗരസഭ ഭരിക്കുക.
നേതൃത്വത്തിൽ നിന്നും നടപടി വന്നാലും ഇല്ലെങ്കിലും അത് തന്നെ സംഭവിക്കുമെന്നാണ് അള്ളാംകുളം വിഭാഗം പറയുന്നത്.
Also Read: തളിപ്പറമ്പ് ലീഗിലെ വിഭാഗീയത : രണ്ടംഗ കമ്മിറ്റിയുമായി സഹകരിക്കുമെന്ന് സമാന്തര ഘടകം
ലീഗിന്‍റെ ആഭ്യന്തര പ്രശ്‌നമായിട്ടാണ് ഇടതുമുന്നണി ഇതിനെ നോക്കിക്കാണുന്നത്. ലീഗിലെ പ്രശ്‌നം കാരണം സാധാരണ അണികൾ സിപിഎമ്മിലേക്ക് വരുമെന്നാണ് കണക്കുകൂട്ടൽ.
പ്രത്യേക ചർച്ചകളൊന്നും വിമത വിഭാഗവുമായി നടന്നിട്ടില്ലെന്നും സിപിഎം നേതൃത്വത്തിന്‍റെ നിർദേശാനുസരണം നിലപാട് വ്യക്തമാക്കുമെന്നും ഇടത് കൗൺസിലർമാര്‍ വ്യക്തമാക്കുന്നു.
ഭരണകക്ഷിയിലെ പ്രതിസന്ധി നഗരസഭയെയാണ് ബാധിക്കുന്നതെന്നും ആരോടും പ്രത്യേക വിരോധമോ മമതയോ ബിജെപിക്ക് ഇല്ലെന്നും പുരോഗതി മാത്രമാണ് ലക്ഷ്യമെന്നുമാണ് ബിജെപി നിലപാട്.
12 അംഗങ്ങളുള്ള പ്രതിപക്ഷത്തേക്ക് ഇടഞ്ഞുനിൽക്കുന്ന ഏതെങ്കിലും വിഭാഗം ചേർന്നാൽ അവിശ്വാസം കൊണ്ടുവന്ന് ഭരണം ഉറപ്പിക്കാനായിരിക്കും ഇടതുമുന്നണിയുടെ ശ്രമം.