കണ്ണൂര്‍: 44-ാമത് മിസ്റ്റർ കണ്ണൂർ ചാമ്പ്യൻഷിപ്പിൽ തളിപ്പറമ്പ് ന്യൂ സ്റ്റൈൽ ജിംനേഷ്യം ടീം ഓവറോൾ ജേതാക്കളായി. കണ്ണാടിപ്പറമ്പ് മസിൽസ് ആൻഡ് സ്ട്രെങ്‌ത് ജിനേഷ്യം താരം നിശാന്തിനെ മിസ്റ്റർ കണ്ണൂരായി തെരഞ്ഞെടുത്തു. കണ്ണൂർ ജില്ലാ ബോഡി ബിൽഡിങ് അസോസിയേഷൻ നേതൃത്വത്തിൽ തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടന്ന ചാമ്പ്യൻഷിപ്പ് സിനിമാ സംവിധായകൻ ഷറീഫ് ഈസ ഉദ്ഘാടനം ചെയ്‌തു.
ജൂനിയർ മിസ്റ്റർ കണ്ണൂരായി ഇല്യാസും സബ് ജൂനിയർ മിസ്റ്റർ കണ്ണൂരായി വിഷ്‌ണു പ്രകാശും തെരഞ്ഞെടുക്കപ്പെട്ടു. തളിപ്പറമ്പ് ന്യൂ സ്റ്റൈൽ ജിംനേഷ്യത്തിന്‍റെ താരങ്ങളാണ് ഇരുവരും. അംഗപരിമിതർക്കുള്ള വിഭാഗത്തിൽ പള്ളിക്കുന്ന് ടിപി ജിം താരം മാനവ് ചാമ്പ്യനായി. 85 പോയിന്‍റ് നേടിയാണ് ന്യൂ സ്റ്റൈൽ ടീം ഓവറോൾ ജേതാക്കളായത്. 31 പോയിന്‍റ് നേടിയ കക്കാട് സിക്‌സ് പാക്ക് ജിം ടീമാണ് റണ്ണേർസ് അപ്പ്. വിജയികൾക്കുള്ള സമ്മാനദാനം അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അരുൺകുമാർ നിർവഹിച്ചു. അസോസിയേഷൻ ജില്ലാ പ്രസിഡന്‍റ് അഡ്വ.കെ അനിൽ കുമാർ അധ്യക്ഷത വഹിച്ചു. ജിം പരിശീലനരംഗത്ത് നാല് പതിറ്റാണ്ടിലേറെക്കാലമായി സേവനം അനുഷ്‌ഠിക്കുന്ന കെ.ബാലകൃഷ്‌ണന്‍ മാരുതിയെ പരിപാടിയില്‍ ആദരിച്ചു.