കണ്ണൂർ: തലശേരിയില്‍ കാറില്‍ ചാരിനിന്ന കുട്ടിയ്‌ക്ക് ചവിട്ടേറ്റ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അക്രമിയെ പൊലീസ് പിടികൂടി സ്‌റ്റേഷനിലെത്തിച്ചിരുന്നു. എന്നിട്ടും വിട്ടയച്ചത് പ്രധാനപ്പെട്ട ആരോ വിളിച്ചു പറഞ്ഞിട്ടാണെന്നും അദ്ദേഹം ആരോപിച്ചു.
ആര് ശുപാര്‍ശ ചെയ്‌തിട്ടാണ് പൊലീസ് ഇയാളെ വിട്ടയച്ചതെന്ന് വ്യക്തമാക്കണം. കൊച്ചുകുട്ടിയെ ചവിട്ടിത്തെറിപ്പിക്കുക എന്നത് ചിന്തിക്കാന്‍ പോലും പറ്റാത്തതാണ്. കേരളത്തിലാണ് നടന്നതെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല. ഇന്ന് അത് വിവാദമായപ്പോള്‍ സംസ്ഥാനം മുഴുവന്‍ ഷോക്കായി മാറിയിരിക്കുകയാണ്. മനസാക്ഷി മരവിച്ചിട്ടില്ലാത്തവര്‍ക്ക് ദുരന്തമായി മാത്രമേ ഈ സംഭവത്തെ കാണാന്‍ സാധിക്കുകയുളളൂവെന്നും സതീശൻ പറഞ്ഞു.
'പൊലീസ് ഉത്തരവാദിത്തം ഏല്‍ക്കണം': കുഞ്ഞിനും കുടുംബത്തിനും ആശുപത്രിയില്‍ ആവശ്യമായ പൊലീസ് സംരക്ഷണം ഒരുക്കണം. അവരെ ഇവിടുന്ന് മാറ്റാനുള്ള ശ്രമങ്ങള്‍ ഉണ്ടാവാനിടയുണ്ട്. കുഞ്ഞിനെയും കുടുംബത്തെയും കാണാതായാലും ആരെങ്കിലും വന്ന് ഭീഷണിപ്പെടുത്തിയാലും അതിന്‍റെ ഉത്തരവാദിത്തം പൊലീസിനാണ്. കാറിൽ ചാരിനിന്നതിന്‍റെ പേരില്‍ മര്‍ദനമേറ്റ് തലശേരി ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന രാജസ്ഥാന്‍ ബാലനെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
ALSO READ| കാറില്‍ ചാരിനിന്ന കുട്ടിക്ക് ചവിട്ടേറ്റ സംഭവം; പ്രതിയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്
തലശേരിയില്‍ കാറില്‍ ചാരിനിന്ന ആറുവയസുകാരനെ മര്‍ദിച്ച കേസിലെ പ്രതി പൊന്ന്യം സ്വദേശി മുഹമ്മദ് ഷിഹാദിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. പ്രതി നടത്തിയത് നരഹത്യാശ്രമം ആണെന്നാണ് റിമാൻഡ് റിപ്പോർട്ട്. ഷിഹാദ് കുട്ടിയുടെ തലയ്ക്ക് ഇടിക്കുകയും ചവിട്ടുകയും ചെയ്തെന്നും റിപ്പോർട്ടിലുണ്ട്. തലശേരി ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്‌തത്. സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മിഷനും ഇടപെട്ടു. കണ്ണൂര്‍ തലശേരിയില്‍ ഇന്നലെ (നവംബര്‍ മൂന്ന്) വൈകുന്നേരമാണ് സംഭവം.