കണ്ണൂർ: നോട്ട് ഇരട്ടിപ്പിന്‍റെ പേരിൽ തിരൂർ സ്വദേശിയിൽ നിന്നും ഒരു കോടിയോളം രൂപ തട്ടിയ സംഘത്തിൽപ്പെട്ട തളിപ്പറമ്പ് സ്വദേശി അറസ്റ്റിൽ. പരിയാരം കോരൻപീടിക സ്വദേശി റിവാജിനെയാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് പൊലീസിന്‍റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. തിരൂർ പയ്യനങ്ങാടി സ്വദേശി കുഞ്ഞു മുഹമ്മദാണ് പരാതിക്കാരൻ.
ഒരു കോടി രൂപ നൽകിയാൽ രണ്ട് കോടിയുടെ കള്ളപ്പണം നൽകാമെന്ന് പറഞ്ഞ് റിവാജും സംഘവും കുഞ്ഞു മുഹമ്മദിനെ വിശ്വസിപ്പിക്കുകയായിരുന്നു. രണ്ടു കോടി രൂപ പ്രവാസി വ്യവസായിയായ മകന്‍റെ അക്കൗണ്ടിൽ എത്തുമെന്നായിരുന്നു പറഞ്ഞത്. അതിന്‍റെ അടിസ്ഥാനത്തിൽ ബാങ്കിൽ നിന്നും ഒരു കോടി രൂപ പിൻവലിച്ച് കുഞ്ഞുമുഹമ്മദ് പണം എണ്ണി തിട്ടപ്പെടുത്തുന്നതിനിടെ സംഘം അത് തട്ടിപ്പറിച്ച് കാറിൽ കടന്നു കളയുകയായിരുന്നു. സംഘം വിളിച്ച ഫോൺ നമ്പറും വന്ന കാറിന്‍റെ നമ്പറും മാത്രമായിരുന്നു കുഞ്ഞുമുഹമ്മദിന്‍റെ കയ്യിൽ ഉണ്ടായിരുന്നത്. അത് വെച്ച് അദ്ദേഹം തിരൂർ പൊലീസിൽ പരാതി നൽകി.
അന്വേഷണത്തിൽ കാർ തളിപ്പറമ്പിൽ നിന്നും വാടകക്ക് എടുത്തതാണെന്ന് തെളിഞ്ഞു. വിവരം മനസിലാക്കിയ മലപ്പുറം ജില്ലാ പൊലീസ് മേധാവി യു അബ്ദുൽ കരീം തളിപ്പറമ്പ് ഡിവൈ.എസ്.പിയുമായി ബന്ധപ്പെട്ടു. തുടർന്ന് തളിപ്പറമ്പ് എസ്.ഐ പിസി സഞ്ജയ് കുമാർ, ക്രൈം സ്ക്വാഡ് എ.എസ്.ഐ എജി അബ്ദുൽ റൗഫ്, സി.പി.ഒമാരായ കെ സ്നേഹേഷ്, പി ബിനേഷ് എന്നിവർ നടത്തിയ അന്വേഷണത്തിൽ റിവാജാണ് കാർ വാടകക്കെടുത്തതെന്ന് തെളിയുകയായിരുന്നു.
കഴിഞ്ഞ ദിവസം തളിപ്പറമ്പിലെ ഗ്രൗണ്ടിൽ റിവാജ് ക്രിക്കറ്റ് കളിക്കാൻ എത്തിയതായി പൊലീസിന് വിവരം ലഭിച്ചു. അവിടെ അന്വേഷണ സംഘം എത്തിയെങ്കിലും പൊലീസിനെ കണ്ടതോടെ റിവാജ് ഓടി രക്ഷപ്പെട്ടു. സാഹസികമായി പിന്തുടർന്ന് തളിപ്പറമ്പ് പൊലീസ് ഇയാളെ പിടികൂടി തിരൂർ പൊലീസിന് കൈമാറുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് തിരൂർ പൊലീസ് റിവാജിനെ അറസ്റ്റ് ചെയ്തത്. പരിയാരത്ത് പണം തട്ടിയെടുത്തതുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് റിവാജ്. തിരൂർ കേസിൽ റിവാജിനൊപ്പം ഉണ്ടായിരുന്ന മറ്റുള്ളവർ കാസർകോട് സ്വദേശികളാണെന്ന വിവരം ലഭിച്ചിട്ടുണ്ട്.