കണ്ണൂർ: ഭൂതകാലത്തേക്കുറിച്ച് അറിയുമ്പോഴാണ് വർത്തമാനകാലം പ്രസക്തമാകുന്നതെന്ന് ജയിംസ് മാത്യു എംഎൽഎ. എം ജി വിനോദ് രചിച്ച തളിപ്പറമ്പിൻ്റെ ചരിത്ര ഗ്രന്ഥം പെരുഞ്ചെല്ലൂർ പെരുമ എന്ന ഗ്രന്ഥത്തിൻ്റെ പ്രകാശനം ചിറവക്ക് നീലകണ്‌ഠ അയ്യർ സ്‌മാരക ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തളിപ്പറമ്പിൻ്റെ പൗരാണിക ചരിത്രം 16 അധ്യായങ്ങളിലായിട്ടാണ് എം.ജി വിനോദ് പുസ്‌തക രൂപത്തിൽ അവതരിപ്പിക്കുന്നത്. തളിപ്പറമ്പിൻ്റെ ഛായാചിത്രം വരച്ചു ചേർത്ത 'തളിപ്പറമ്പ് അന്നും ഇന്നും' എന്ന അധ്യായത്തിൽ മുസ്ലിം- ക്രിസ്ത്യൻ ആഗമനവും പ്രതിപാദിക്കുന്നുണ്ട്. പെരുംഞ്ചെല്ലൂരിലെ പൗരാണിക ക്ഷേത്രങ്ങൾ പരിചയപ്പെടുത്തുന്നതോടൊപ്പം മൺമറഞ്ഞ മഹാ പ്രതിഭകളെ സ്‌മരിക്കുകയും ചെയ്യുന്നുണ്ട് പുസ്‌തകം. പെരുഞ്ചെല്ലൂരിനെ കുറിച്ച് പ്രസിദ്ധീകരിക്കപ്പെടുന്ന ഏറ്റവും ആധികാരികമായ ഗ്രന്ഥമായി ഉയരുകയാണ് ഈ പെരുഞ്ചെല്ലുർ പെരുമ. പ്രകാശന ചടങ്ങിൽ പി വി രാജശേഖരൻ അധ്യക്ഷത വഹിച്ചു. തന്ത്രി വര്യൻ ഇ പി കുബേരൻ നമ്പൂതിരിപ്പാട് പുസ്‌തകം ഏറ്റുവാങ്ങി. ഫോക്‌ലോർ ഗവേഷകൻ ഗോകുൽ ചന്ദ്ര പുസ്‌തകം പരിചയപ്പെടുത്തി. വിജയ് നീലകണ്‌ഠൻ, ടി.ടി.കെ ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ മുല്ലപ്പള്ളി നാരായണൻ നമ്പൂതിരി, എം കെ മനോഹരൻ, കെ സി മണികണ്‌ഠൻ നായർ, വിജയൻ ശ്രീചക്ര എന്നിവർ പ്രസംഗിച്ചു.