കണ്ണൂർ : കരിവെള്ളൂർ പാലക്കുന്നിലെ പി.വി സുനിതയുടെ കരവിരുതിൽ മനോഹര രൂപങ്ങളാണ് വിരിയുന്നത്. നെറ്റിപ്പട്ടങ്ങൾ മുതൽ ബോട്ടിൽ ആർട്ട് വരെ. പെരളം ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയർപേഴ്‌സൺ ആയ സുനിതയ്ക്ക് തിരക്കുകൾ ഏറെയുണ്ടെങ്കിലും ചിത്രങ്ങളും നെറ്റിപ്പട്ടങ്ങളുമൊക്കെ കൈവിടാനാകാത്ത ഇഷ്‌ടങ്ങളാണ്.
തന്‍റെ കലാവാസന സുനിത തിരിച്ചറിയുന്നത് അൽപം വൈകിയാണ്. എങ്കിലും ഭർത്താവ് രാജന്‍റെ പിന്തുണയോടെ ഈ രംഗത്ത് സജീവമാകുകയായിരുന്നു. കുശലം പറയാൻ കൂട്ടിന് അരുമത്തത്ത മണിക്കുട്ടനുമുണ്ട്.
നെറ്റിപ്പട്ട നിർമാണത്തിന് പുറമെ മ്യൂറൽ പെയിന്‍റിങ്, നിബ് പെയിന്‍റിങ്, ഗ്ലാസ് പെയിന്‍റിങ്, മെറ്റൽ എംബോ സിംഗ്, വൂളൻ, മലായ്, ജൂല ത്രഡ് കൊണ്ടുള്ള വസ്‌തുക്കൾ, മെമന്‍റോകൾ, ബോട്ടിൽ ആർട്ട്, സോളോവുഡ് വർക്ക്,ക്ലേ വർക്കുകൾ എന്നിവയിലും സുനിത തന്‍റേതായ കൈയൊപ്പ് പതിപ്പിച്ചുകഴിഞ്ഞു.
തൃശൂരിൽ നിന്നും സാധനങ്ങൾ കൊണ്ടുവന്നാണ് നെറ്റിപ്പട്ടത്തിന്‍റെ നിർമാണം. ഒരാഴ്‌ച സമയമെടുത്താണ് വലിയ നെറ്റിപ്പട്ടങ്ങൾ നിർമിക്കുന്നത്. വീടുകൾ അലങ്കരിക്കാൻ നെറ്റിപ്പട്ടങ്ങൾക്ക് ആവശ്യക്കാർ ഏറെയാണെന്ന് സുനിത പറയുന്നു.
കുടുംബശ്രീ നേതൃനിരയിലേക്കുയർന്നതോടെ സംരംഭങ്ങളിലേക്കാണ് ശ്രദ്ധ പതിപ്പിച്ചത്. എങ്കിലും തന്‍റെ സിദ്ധി തേച്ചുമിനുക്കാന്‍ സുനിത തീരുമാനിക്കുകയായിരുന്നു.