കണ്ണൂർ : തേറളായി മുനമ്പത്ത് കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. തേറളായി സ്വദേശി അൻസബിനെയാണ് കാണാതായത്. അബൂബക്കർ, മൻസൂർ എന്നീ സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു.
മറുകരയായ കോറളായി ദ്വീപിലേക്ക് നീന്തിയ സമയത്താണ് ഒഴുക്കിൽപ്പെടുന്നത്. തളിപ്പറമ്പ് അഗ്നിശമന സേനയും പൊലീസ് ഉദ്യോഗസ്ഥരും പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നാളെ രാവിലെ പുനരാരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ALSO READ: 12 കോടിയുടെ ഓണം ബമ്പര്‍ : 'ലക്കി ഷോപ്പാ'യി മീനാക്ഷി ലോട്ടറീസ്
ഹാഷിം കെ.വി, സാബിറ കെ. എന്നിവരുടെ മകനായ അൻസബ്, കുറുമാത്തൂർ ഗവ: ഹയർ സെക്കന്‍ററി സ്‌കൂളിൽ പത്താം തരം കഴിഞ്ഞ് പ്ലസ് വൺ അഡ്‌മിഷൻ കാത്തിരിക്കുകയാണ്. ഇരിക്കൂർ എംഎൽഎ അഡ്വ. സജീവ് ജോസഫ്, ചെങ്ങളായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് വി.പി.മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കൊയ്യം ജനാർദ്ദനൻ തുടങ്ങിയവർ സംഭവസ്ഥലത്തെത്തി.