കണ്ണൂർ: തളിപ്പറമ്പ് മിനി സിവിൽ സ്റ്റേഷനിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. വ്യാഴാഴ്ച താലൂക്ക് ഓഫീസ് പരിസരത്ത് നടക്കുന്ന അദാലത്തിൽ മന്ത്രിമാർക്ക് ഇരിക്കാനെത്തിച്ച സീറ്റുകളും കർട്ടനുകളും നായകൾ കടിച്ചുകീറി നശിപ്പിച്ചു. മുൻപും നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അധികൃതർക്ക് പരാതി നൽകിയിട്ടും നായ ശല്യത്തിന് പരിഹാരം കാണാൻ സാധിച്ചിട്ടില്ല.
താലൂക്ക് ഓഫീസ് കെട്ടിടത്തിനുള്ളിൽ ഒരു സ്വകാര്യ വ്യക്തി തെരുവുനായകൾക്ക് ഭക്ഷണം നൽകി വരുന്നതായി അധികൃതർ പറയുന്നു. അതിനാൽ തന്നെ നിരവധി നായകളാണ് സിവിൽ സ്റ്റേഷൻ പരിസരത്ത് വിഹരിക്കുന്നത്. രാത്രികാലങ്ങളിലും പകൽ സമയങ്ങളിലും ജീവനക്കാരെയും പൊതുജനങ്ങളെയും ആക്രമിക്കുന്ന സംഭവം ഉണ്ടായിട്ടുണ്ട്. ഇവിടെ പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ സീറ്റുകളും നായകൾ നശിപ്പിക്കുന്ന അവസ്ഥയിലാണ്.
അടുത്തിടെ താലൂക്ക് ഓഫീസ് ജീവനക്കാരനെ തെരുവുനായ ആക്രമിച്ച് ഗുരുതര പരിക്കേൽക്കുന്ന സാഹചര്യം ഉണ്ടായതോടെ ജീവനക്കാർ സമരം ഉൾപ്പെടെ നടത്തിയിരുന്നു. തെരുവുനായ ശല്യത്തിനെതിരെ അദാലത്തിൽ മന്ത്രിമാർക്ക് നേരിട്ട് പരാതി നൽകി എത്രയും പെട്ടെന്ന് നടപടികൾ ഉണ്ടാക്കാനാണ് എൻജിഒ അസോസിയേഷൻ ഭാരവാഹികളുടെ തീരുമാനം.