കണ്ണൂർ : അയ്യപ്പൻ, മുരുകൻ, മഹാലക്ഷ്‌മി... ദൈവങ്ങൾ മാത്രമല്ല കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്‌ടമാകുന്ന കാർട്ടൂൺ കഥാപാത്രങ്ങളും സ്വകാര്യ ബസുകളിലെ ഗ്ലാസുകളില്‍ വരയ്‌ക്കുകയാണ് പ്രകാശൻ. ഫുട്‌ബോൾ ലോകകപ്പ് തുടങ്ങിയതോടെ വിവിധ രാജ്യങ്ങളിലെ താരങ്ങളുടെ ചിത്രങ്ങൾക്കാണ് ഇപ്പോൾ ഡിമാൻഡ്.
24 വർഷം കാസർകോട്-കോഴിക്കോട് റൂട്ടിൽ ബസ് തൊഴിലാളിയായിരുന്നു ആലക്കോട് ഒറ്റത്തൈ സ്വദേശി പ്രകാശൻ എം.വി. അതിനിടെ ഫാബ്രിക് പെയിന്‍റ് ഉപയോഗിച്ച് ബസുകളില്‍ ചിത്രം വരച്ചുതുടങ്ങി. ഒരു ചിത്രം വരയ്‌ക്കാൻ പത്ത് മിനിട്ട് മതി.
ഏഴ് വർഷമായി കണ്ണൂർ ആശുപത്രി ബസ് സ്റ്റാൻഡിലും പുതിയ ബസ് സ്റ്റാൻഡിലും ആഴ്‌ചയില്‍ മൂന്ന് ദിവസം പ്രകാശനുണ്ടാകും. കിഡ്‌നിക്ക് അസുഖം ബാധിച്ചതിനാല്‍ ആഴ്‌ചയില്‍ മൂന്ന് ദിവസം ഡയാലിസിസ് ചെയ്യണം. അതുകഴിഞ്ഞ് വീണ്ടുമെത്തുമ്പോൾ ഓരോ ബസിനും വരച്ചുനല്‍കാൻ പുതിയൊരു ചിത്രമുണ്ടാകും പ്രകാശന്‍റെ മനസില്‍. കണ്ണൂരിലെ ബസ് തൊഴിലാളികളുടെ സ്നേഹമാണ് പ്രകാശന് ലഭിക്കുന്ന തൊഴിലും അതില്‍ നിന്നുള്ള വരുമാനവും.