കണ്ണൂർ: ജൈവ വൈവിധ്യ പരിപാലന പുരസ്‌കാര നിറവിൽ പയ്യന്നൂർ കാങ്കോൽ ആലപ്പടമ്പ പഞ്ചായത്ത്. പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ജൈവവൈവിധ്യ ബോർഡാണ് ജൈവ വൈവിധ്യ പരിപാലന പുരസ്‌കാരം നൽകുന്നത്. ഇത്തവണത്തെ പുരസ്‌കാരത്തിന് അർഹമായത് കണ്ണൂർ ജില്ലയിലെ രണ്ട് പഞ്ചായത്തുകളാണ്.
കാങ്കോൽ ആലപ്പടമ്പ പഞ്ചായത്തിനൊപ്പം എരമം കുറ്റൂർ പഞ്ചായത്തുമാണ് പുരസ്‌കാരം പങ്കിടുന്നത്. ജൈവവൈവിധ്യ പരിപാലനത്തിൽ മാതൃകാപരമായി ഇടപെടുന്ന ഗ്രാമപഞ്ചായത്തുകളെയാണ് സംസ്ഥാന ജൈവവൈവിധ്യ ബോർഡ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. വ്യത്യസ്‌തമായ നിരവധി പരിപാടികൾ സംഘടിപ്പിച്ചതിന്‍റെ അംഗീകാരമാണ് പുരസ്‌കാരമെന്ന് ആലപ്പടമ്പ പഞ്ചായത്ത് പ്രസിഡന്‍റ് എംവി സുനിൽ കുമാർ പറഞ്ഞു.
ബയോഡൈവേഴ്‌സിറ്റി മാനേജ്മെന്‍റ് കമ്മിറ്റികൾ വഴിയും മറ്റ് പ്രൊജക്റ്റുകൾ വഴിയും ജൈവ വൈവിധ്യ പരിപാലനത്തിനായി നിരവധി പ്രവർത്തനങ്ങളാണ് പഞ്ചായത്ത് ഏറ്റെടുത്തത്. ജൈവ വൈവിധ്യത്തെ സംരക്ഷിക്കുന്നതിനായി ഇനിയും നിരവധി പദ്ധതികൾ നടപ്പിലാക്കാനുള്ള തയാറെടുപ്പിലാണ് കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചയത്ത്.