കണ്ണൂർ : വ്യായാമത്തിലൂടെ ആരോഗ്യം എന്ന ആശയവുമായി 'ഫിറ്റ് കണ്ണൂർ' പദ്ധതിക്ക് തുടക്കമായി. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ സംഗീതത്തിന്റെ താളത്തിനനുസരിച്ച് ചുവടുകള്‍ വച്ചാണ് പുതിയ കായിക സംസ്‌കാരത്തിന് തുടക്കം കുറിച്ചത്. കണ്ണൂര്‍ ജനതയുടെ കായികാരോഗ്യം ലക്ഷ്യമാക്കി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന പദ്ധതിയാണ് 'ഫിറ്റ് കണ്ണൂര്‍'. യോഗയും എയ്‌റോബിക്‌സും റോപ് സ്‌കിപ്പിങും ഉള്‍പ്പെടെയുള്ള വ്യത്യസ്‌ത വ്യായാമ മുറകളാണ് ഫിറ്റ് കണ്ണൂരിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വ്യായാമത്തിലൂടെ ആരോഗ്യം എന്ന മുദ്രാവാക്യവുമായി നടപ്പിലാക്കുന്ന 'ഫിറ്റ് കണ്ണൂര്‍' പരിപാടി ജില്ലയിലെ മികച്ച പദ്ധതിയായി മാറുമെന്ന് ഉദ്ഘാടനം നിര്‍വഹിച്ച ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് അഭിപ്രായപ്പെട്ടു. സമ്പന്നമായ കായിക പാരമ്പര്യമുള്ള നാടാണ് കണ്ണൂര്‍. പ്രശസ്തരായ നിരവധി കായിക താരങ്ങളെ ലോകത്തിന് സംഭാവന ചെയ്ത കണ്ണൂരിന് ഏറ്റവും അനുയോജ്യമാണ് ഈ പദ്ധതി. ജനങ്ങള്‍ക്കിടയില്‍ പുതിയൊരു കായിക സംസ്‌കാരം വളര്‍ത്തിയെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തുടക്കത്തില്‍ നഗര കേന്ദ്രങ്ങളിലും തുടര്‍ന്ന് നഗരസഭാ- പഞ്ചായത്ത് തലങ്ങളിലും സ്ഥിരം വ്യായാമ പരിപാടികള്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമൊപ്പം ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് ഉള്‍പ്പെടെയുള്ള പ്രമുഖരും ചടങ്ങിൽ പങ്കാളികളായി. ചടങ്ങില്‍ കായിക താരം കെ.എം ഗ്രീഷ്മ മുഖ്യാതിഥിയായി പങ്കെടുത്തു.
എല്ലാ പ്രായക്കാര്‍ക്കും അനുയോജ്യമാകുന്ന വ്യായാമ രീതികളാണ് ഇവിടെ അവലംബിക്കുന്നത്. കായികക്ഷമതയും അതുവഴി ആരോഗ്യവും കൈവരിക്കാന്‍ പദ്ധതി സഹായകമാവും. അതോടൊപ്പം പുതിയ കായികതാരങ്ങളെ വളര്‍ത്തിയെടുക്കാനും സാധിക്കും. തനിച്ച് വ്യായാമത്തിലേര്പ്പെടുന്നതിന്റെ വിരസത മാറ്റാന്‍ ഇത്തരം വ്യായാമരീതികള്‍ സഹായകമാവും. കൂട്ടായി വ്യായാമത്തിലേര്‍പ്പെടുമ്പോള്‍ ലഭിക്കുന്ന സന്തോഷവും ആനന്ദവും ഇത് മുടങ്ങാതെ മുന്നോട്ടുകൊണ്ടുപോവാന്‍ പ്രചോദനമാവുമെന്നും ജില്ലാ ഭരണകൂടം പ്രതീക്ഷിക്കുന്നു.