കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തളിപ്പറമ്പ് റവന്യൂ ഡിവിഷനിൽ ഉൾപ്പെടുന്ന തളിപ്പറമ്പ്, പയ്യന്നൂർ, ഇരിക്കൂർ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സാമഗ്രികൾ ഒരുക്കി തുടങ്ങി. പ്രിസൈഡിങ് ഓഫീസർമാർക്കും ഫസ്റ്റ് പോളിങ് ഓഫീസർമാർക്കുമുള്ള രണ്ടാം ഘട്ട പരിശീലന ക്ലാസുകളും അടുത്ത ദിവസം ആരംഭിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓരോ പോളിങ് സ്റ്റേഷനിലേക്കും എത്തിക്കേണ്ട 31 സാധന സാമഗ്രകളും എത്തിക്കഴിഞ്ഞു. തളിപ്പറമ്പ്, ഇരിക്കൂർ, പയ്യന്നൂർ മണ്ഡലങ്ങളിലെ 884 പോളിങ് സ്റ്റേഷനുകളിലേക്കാണ് ഇവ എത്തിക്കുക.
തളിപ്പറമ്പ് മണ്ഡലത്തിൽ സർ സയ്‌ദ് കോളജ്, ബ്ലോക്ക് ഓഫീസ് എന്നിവിടങ്ങളിലും ഇരിക്കൂർ മണ്ഡലത്തിൽ ബ്ലോക്ക് ഓഫീസ്, ചെങ്ങളായി എന്നിവിടങ്ങളിലും പയ്യന്നുർ മണ്ഡലത്തിൽ ബ്ലോക്ക് ഓഫീസിലുമായാണ് ക്ലാസുകൾ നടക്കുക. ഒരു സമയം 40 പേർ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ക്ലാസിൽ പങ്കെടുക്കുന്നത്. രണ്ട് ഷിഫ്റ്റുകളായാണ് ഒരു ദിവസത്തെ പരിശീലനം നടക്കുന്നതെന്നും തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി തഹസിൽദാർ ആർ. ജയകുമാർ പറഞ്ഞു.