കണ്ണൂർ: സ്വപ്‌ന സുരേഷ്, വിജേഷ് പിള്ള എന്നിവർക്കെതിരെ സിപിഎം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എടുത്ത കേസിന്‍റെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. കണ്ണൂർ എസ്‌പി ഹേമലത ഐപിഎസിന്‍റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം പ്രവർത്തിക്കുക. കണ്ണൂർ സിറ്റി, റൂറൽ എഎസ്‌പിമാരും, ഡിവൈഎസ്‌പിമാരും സംഘത്തിലുണ്ട്.
പരാതിക്കാരനായ സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി സന്തോഷിന്‍റെ മൊഴി ഉടൻ രേഖപ്പെടുത്തും. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും എതിരായ അപവാദ പ്രചാരണങ്ങളിൽ നടപടി ആവശ്യപ്പെട്ടാണ് സിപിഎം പരാതി. തളിപ്പറമ്പ് ഏരിയ സെക്രട്ടറി, തളിപ്പറമ്പ് എസ്‌എച്ച്‌ഒയ്‌ക്കാണ് പരാതി നൽകിയത്. പ്രാഥമിക അന്വേഷണത്തിന്‍റെ പശ്ചാത്തലത്തിൽ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.
'30 കോടി കൈപ്പറ്റി ബെംഗളൂരു വിടണം': മാര്‍ച്ച് ഒന്‍പതാം തിയതിയാണ് എംവി ഗോവിന്ദന്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തി സ്വപ്‌ന സുരേഷ് ആരോപണം ഉന്നയിച്ചത്. സ്വർണ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് എതിരായ ആരോപണം പിൻവലിക്കാൻ പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ 30 കോടി രൂപ തനിക്ക് വാഗ്‌ദാനം ചെയ്തെന്നാണ് സ്വപ്‌ന സുരേഷ് ഫേസ്‌ബുക്ക് ലൈവില്‍ പറഞ്ഞത്. പണം കൈപ്പറ്റിയ ശേഷം ബെംഗളൂരു വിടാന്‍ ആവശ്യപ്പെട്ടതായും ഇടനിലക്കാരനായി വിജേഷ് പിള്ളയാണ് തന്നെ സമീപിച്ചതെന്നും സ്വപ്‌ന ആരോപിച്ചു.
എത്ര കോടികള്‍ നല്‍കിയാലും ആരോപണങ്ങള്‍ പിന്‍വലിക്കില്ലെന്നും മുഖ്യമന്ത്രി മകള്‍ക്കുവേണ്ടി ഒരുക്കുന്ന സാമ്രാജ്യത്തിന്‍റെ മുഴുവന്‍ ഇടപാടുകളും പുറത്ത് കൊണ്ടുവരുമെന്നും അതുവരെയും പോരാട്ടം തുടരുമെന്നും സ്വപ്‌ന ലൈവില്‍ വ്യക്തമാക്കി. ലൈവിലെത്തുന്നതിന്‍റെ രണ്ട് ദിവസം മുന്‍പാണ് 30 കോടി വാഗ്‌ദാനവുമായി കണ്ണൂര്‍ സ്വദേശിയായ വിജേഷ് പിള്ള തന്നെ കാണാന്‍ എത്തിയത്. ചാനല്‍ അഭിമുഖത്തിന് വേണ്ടിയാണെന്ന് പറഞ്ഞാണ് അയാള്‍ തന്നെ സമീപിച്ചതെന്നും സ്വപ്‌ന ലൈവില്‍ വിശദമാക്കി.
എംവി ഗോവിന്ദന്‍റെ 'ഒരു കോടി' മറുപടി: ഈ ആരോപണത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇരുവർക്കുമെതിരെ വക്കീൽ നോട്ടിസ് അയച്ചിരുന്നു. ഒരു കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടിസ്. വർഷങ്ങളായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന തനിക്ക് സ്വപ്‌നയുടെ പരാമർശം അപകീർത്തി ഉണ്ടാക്കി എന്ന് കാണിച്ചാണ് എംവി ഗോവിന്ദന്‍റെ വക്കീല്‍ നോട്ടിസ്. ആരോപണം പിൻവലിച്ച് മാധ്യമങ്ങള്‍ക്ക് മുന്‍പാകെ മാപ്പ് പറയണം. മാപ്പ് പറഞ്ഞില്ലെങ്കിൽ സിവിൽ, ക്രിമിനൽ നിയമപ്രകാരം നടപടി സ്വീകരിക്കും. സ്വപ്‌നയുടെ പരാമർശം വസ്‌തുതയ്‌ക്ക് നിരക്കാത്തതും തെറ്റുമാണെന്നും നോട്ടിസിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ, ആരോപണത്തിൽ നിന്ന് പിൻവാങ്ങില്ലെന്ന് സ്വപ്‌ന ഉറപ്പിച്ചുപറഞ്ഞത്തോടെ സിപിഎമ്മും പരാതി നൽകി. സ്വപ്‌ന സുരേഷിന്‍റെ ആരോപണത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാര്‍ച്ച് 10നാണ് ആദ്യ പ്രതികരണം നടത്തിയത്. വിജേഷ് പിള്ളയെ അറിയില്ല. സ്വപ്‌ന സുരേഷിന്‍റെ ആരോപണം മുഖവിലക്കെടുക്കുന്നില്ല. ആദ്യത്തെ മിനിറ്റിൽ തന്നെ പൊട്ടിപ്പോകുന്ന തിരക്കഥയാണ് സ്വപ്‌നയുടെ ആരോപണം. അതിനെ നിയമപരമായി നേരിടുമെന്നുമാണ് എംവി ഗോവിന്ദൻ തന്‍റെ ആദ്യ പ്രതികരണത്തില്‍ വ്യക്തമാക്കിയത്. ഇതില്‍ പറഞ്ഞതുപോലെ മാനനഷ്‌ടത്തിന് കേസുകൊടുക്കുകയാണ് എംവി ഗോവിന്ദന്‍ ചെയ്‌തത്.