കണ്ണൂർ : മതധ്രുവീകരണം രാഷ്ട്രീയ മുന്നേറ്റത്തിനായി ഉപയോഗിക്കുന്ന ബി.ജെ.പിയെ ചെറുക്കാൻ വിശാല മതേതര സഖ്യം വേണമെന്ന് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുത്വത്തെ എതിര്‍ക്കാന്‍ മതേതര സമീപനം വേണം. കോണ്‍ഗ്രസും ചില പ്രാദേശിക പാര്‍ട്ടികളും ഇതിനായി നിലപാട് ഉറപ്പിക്കണം. വർഗീയതയോടുള്ള വിട്ടുവീഴ്ചാ മനോഭാവം സ്വന്തം ചേരിയിൽ നിന്ന് മറുചേരിയിലേക്ക് ആളൊഴുക്കിന് വഴിയൊരുക്കുമെന്നും യെച്ചൂരി പറഞ്ഞു.
അമേരിക്കന്‍ സാമ്രാജ്യത്വം ചൈനയെ ഒറ്റപ്പെടുത്തുകയാണ്. ചൈനയെ ഒതുക്കുന്നതില്‍ നിന്ന് ഒറ്റപ്പെടുത്തലിലേക്ക് മാറി. യുക്രൈന്‍ യുദ്ധം യഥാര്‍ഥത്തില്‍ റഷ്യയും അമേരിക്കയും തമ്മിലാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍റെ ജൂനിയര്‍ പങ്കാളിയാണ് ഇന്ത്യയെന്നും യെച്ചൂരി പറഞ്ഞു.
Also Read: സിപിഎം ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂരില്‍ തുടക്കമായി
വർഗീയ-കോർപ്പറേറ്റ് സഹകരണമാണ് രാജ്യത്ത് നടക്കുന്നത്. അഴിമതി നിയമവത്കരിക്കുന്നു. രാജ്യത്ത് മോദിയുടെ ഏകാധിപത്യ ഭരണമാണ്. മൗലികാവകാശങ്ങൾ അട്ടിമറിക്കപ്പെടുന്നു. ഫെഡറൽ അവകാശങ്ങൾക്ക് നേരെ കടന്നാക്രണം നടക്കുന്നു. ഭരണഘടനാ സംവിധാനങ്ങളെ കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുന്നു. കൊവിഡ് പ്രതിരോധത്തിൽ കേന്ദ്രത്തിന്റെ വീഴ്ച രാജ്യം കണ്ടതാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
സിപിഎം ഇരുപത്തിമൂന്നാമത് പാർട്ടി കോൺഗ്രസിന് പ്രൗഢോജ്വലമായാണ് കണ്ണൂരില്‍ തുടക്കമായത്. 812 പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. ഏറ്റവും അധികം പ്രതിനിധികള്‍ കേരളത്തില്‍ നിന്നാണ്. 175 പേരാണ് സംസ്ഥാനത്തുനിന്നുള്ളത്. ബംഗാളില്‍ നിന്ന് 160 പ്രതിനിധികളും ത്രിപുരയില്‍ നിന്ന് 40 പ്രതിനിധികളും പങ്കെടുക്കുന്നു.