കണ്ണൂർ: ലോക്ക് ഡൗൺ കാലം എങ്ങനെയെല്ലാം വ്യത്യസ്തമാക്കാമെന്ന ആലോചനയിലാണ് എല്ലാവരും. കണ്ണൂർ ജില്ലയിലെ ചമ്പാട്ടെ സഹോദരങ്ങളായ അശ്വാക്കും ദില്‍ഷയും ലോക്ക്ഡൗണില്‍ തേടിപ്പിടിച്ചത് ഈർക്കിലും ചുള്ളിക്കമ്പുകളുമാണ്. ആദ്യം വീടുകളുടെ മാതൃക നിർമിച്ചാണ് അശ്വാക്ക് ലോക്ക് ഡൗണിലെ കരവിരുത് പ്രകടമാക്കിയത്. തുടർന്ന് സുഹൃത്തിന്‍റെ മക്കളായ ആമി, മിയ എന്നിവർക്കായി കാറിന്‍റെ മാതൃകയും സഹോദരിയുടെ മകൻ സാത്വിക്കിന് വേണ്ടി ജീപ്പും നിർമിച്ചു. ഉപേക്ഷിക്കപ്പെട്ട കാർഡ്ബോർഡ് ഷീറ്റുകൾ ഉപയോഗിച്ചാണ് വാഹനങ്ങളുടെ നിർമാണം. രണ്ടാഴ്ചയെടുത്താണ് അശ്വാക്ക് കരവിരുതില്‍ വിസ്മയം തീർത്തത്.
ഈ സമയം കുപ്പികളിൽ വർണ്ണങ്ങൾ പൂശുകയായിരുന്നു സഹോദരി ദിൽഷ. പാഴ് കുപ്പികൾ ശേഖരിച്ച് നിറങ്ങളിലൂടെ അലങ്കാര വസ്തുക്കളായി മാറ്റിയെടുത്തു. ബോട്ടിൽ ആർട്ടിനൊപ്പം സാരിയിൽ മ്യൂറൽ പെയിന്‍റിങും ദിൽഷയുടെ കൈകളില്‍ ഭദ്രമാണ്. ഇളയ സഹോദരൻ ഗോകുൽ ദാസും സഹായത്തിന് ഒപ്പമുണ്ടായിരുന്നു. ചിത്രങ്ങൾ വരയ്ക്കുന്നതിനും മൂവരും മത്സരിക്കും. ചെറുവാഞ്ചേരി ഹനിയാസ് ഡിജിറ്റൽ പ്രിന്‍റിങ് സ്ഥാപനത്തിലെ മാനേജരാണ് അശ്വാക്ക്. ദേവദാസിന്‍റെയും പന്ന്യന്നൂർ പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തക മഹിജയുടെയും മക്കളാണ് മൂവർ സംഘം.