കണ്ണൂര്‍: കാംബസാറിൽ പൊലീസ് നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. നാല് ചാക്ക് പാൻ ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കാംബസാറിലെ വ്യാപാരി വേങ്ങാട് തെരുവിലെ പി. പ്രേംകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. പാൻപരാഗ്, ചൈനീ-കൈനി, ഹാൻസ് എന്നിവയാണ് പിടിച്ചെടുത്തത്. ഇവിടെ വ്യാപകമായി പുകയില ഉൽപ്പന്നങ്ങൾ കച്ചവടം നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ടൗൺ എസ്ഐ ബാവിഷിന്‍റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.
നഗരത്തെ പുകയിലെ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊലീസ് പ്രവർത്തിക്കുന്നതെന്ന് എസ്ഐ ബാവിഷ് പറഞ്ഞു. സ്‌കൂള്‍, കോളജ് വിദ്യാർഥികൾ നിരോധിത പുകയില ഉൽപന്നങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നത് പൊലീസിന്‍റെയും എക്സൈസ് ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കുട്ടികളിലെ പുകയില ഉൽപ്പന്ന ഉപയോഗം കുറച്ച് കൊണ്ടുവരുന്നതിനായി ജില്ലയില്‍ ബോധവല്‍ക്കരണ ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്.