കണ്ണൂർ: ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എല്‍ഡിഎഫില്‍ ചർച്ചയായി പാതിവഴിയിലായ എൽജെഡി- ജെഡിഎസ് ലയനം. എൽഡിഎഫിലെ എല്ലാ കക്ഷികള്‍ക്കും മതിയായ പരിഗണന നല്‍കാനായി നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ലയിക്കണമെന്നാണ് ഇരു പാർട്ടികൾക്കും സിപിഎം നല്‍കിയ നിര്‍ദ്ദേശം. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സീറ്റുകളുടെ കാര്യത്തിലാണ് ഇരു പാർട്ടികളും തമ്മില്‍ തർക്കം നിലനില്‍ക്കുന്നത്. എല്‍ജെഡി യുഡിഎഫിലായിരുന്നപ്പോൾ ഏഴിടത്താണ് മത്സരിച്ചിരുന്നത്. എല്‍ഡിഎഫിന് ഒപ്പമുള്ള ജെഡിഎസ് അഞ്ച് സീറ്റില്‍ മത്സരിച്ചിരുന്നു. ഇരുകൂട്ടരും വെവ്വേറെ നിന്നാല്‍ മത്സരിച്ച അത്രയും സീറ്റുകള്‍ നല്‍കാന്‍ കഴിയാത്തതിനാലാണ് ലയനം വേണമെന്ന് സിപിഎം നിര്‍ദ്ദേശം നൽകിയത്. ഇതേ തുടര്‍ന്ന് എല്‍ജെഡി- ജെഡിഎസ് നേതാക്കള്‍ രണ്ട് വട്ടം ചര്‍ച്ച നടത്തി.
പ്രാഥമിക ധാരണയിലെത്തിയെങ്കിലും വടകര, കൂത്തുപറമ്പ്, കല്‍പ്പറ്റ സീറ്റുകള്‍ വേണമെന്ന് എല്‍ജെഡി ആവശ്യപ്പെട്ടു. സിറ്റിംഗ് സീറ്റായ വടകര വിട്ടുകൊടുക്കാനാകില്ലെന്നാണ് ജെഡിഎസ് അവകാശ വാദം. എന്നാല്‍ സീറ്റുകളുടെ കാര്യത്തില്‍ സിപിഎം നിലപാട് കടുപ്പിച്ചാല്‍ ലയനം അനിവാര്യമായി വരും. അതേസമയം, ഇരു പാർട്ടികളും ലയിച്ചാല്‍ ആരാകും അധ്യക്ഷ സ്ഥാനത്തേക്ക് വരികയെന്നതും തർക്ക വിഷയമാണ്. ജെഡിഎസില്‍ തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് രണ്ട് അഭിപ്രായമുണ്ട്. സികെ നാണു അധ്യക്ഷനായ വിഭാഗം പിരിച്ചുവിട്ട് അടുത്തിടെ മാത്യു ടി തോമസിനെ അധ്യക്ഷനാക്കിരുന്നു. നിലവില്‍ ജെഡിഎസിന്‍റെ മന്ത്രിയാണെങ്കിലും കെ കൃഷ്ണൻകുട്ടിക്കും അധ്യക്ഷസ്ഥാനത്തേക്ക് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
എൽജെഡി നേതൃസ്ഥാനത്ത് ശ്രയാംസ് കുമാറാണ്. ലയിക്കുമ്പോൾ ആർക്ക് അധ്യക്ഷ സ്ഥാനം നല്‍കണമെന്നത് ഇപ്പോഴും തർക്കവിഷയമായി തുടരുകയാണ്. എട്ട് ജില്ലാ പ്രസിഡന്‍റുമാർ എല്‍ജെഡിക്കും ആറ് പ്രസിഡന്‍റുമാര്‍ ജെഡിഎസിനും എന്നതായിരുന്നു പ്രാഥമിക ധാരണ. എന്നാൽ ലയനക്കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് എൽജെഡി അധ്യക്ഷന്‍ എംവി ശ്രേയാംസ് കുമാറിന്‍റെ നിലപാട്.
എംപി വീരേന്ദ്രകുമാർ അധ്യക്ഷനായിരുന്നപ്പോൾ നിതീഷ്‌കുമാറിന്‍റെ ജെഡിയുവില്‍ ലയിച്ച സോഷ്യലിസ്റ്റ് ജനത, പിന്നീട് നിതീഷ് കുമാർ ബിജെപി പാളയത്തിലേക്ക് പോയപ്പോൾ ലോക്‌താന്ത്രിക് ജനതാദൾ രൂപീകരിക്കുകയായിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ദേശീയ തലത്തില്‍ ദേവഗൗഡ അധ്യക്ഷനായ ജെഡിഎസ് ബിജെപിയുമായി അടുക്കുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ദേവഗൗഡയ്ക്ക് പകരം മകൻ കുമാരസ്വാമി അധ്യക്ഷനായാല്‍ ജെഡിഎസിന്‍റെ ദേശീയ നേതൃത്വവുമായി യോജിക്കാനാകില്ലെന്നാണ് ശ്രേയാംസ് കുമാർ നയിക്കുന്ന എല്‍ജെഡിയുടെ നിലപാട്. ഇതും ലയനത്തെ ബാധിക്കുന്നുണ്ട്.