കണ്ണൂർ: തളിപ്പറമ്പ കൂവേരി പൂണങ്ങോട് പുഴയിൽ കാണാതായ യുവാവിന് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. ആലക്കോടു രയറോം സ്വദേശിയും പൂണങ്ങോട് താമസക്കാരനുമായ 19കാരനായ ജിൻസ് എന്ന സെബാസ്റ്റ്യനെയാണ് ഒഴുക്കിൽ പെട്ട് കാണാതായത്. തളിപ്പറമ്പ ഫയർ ഫോഴ്‌സും നാട്ടുകാരും രണ്ട് ദിവസമായി തെരച്ചിൽ നടത്തുകയാണ്.
ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. കൂവേരി പുഴയുടെ പൂണങ്ങോട് ഭാഗത്ത് കുളിക്കാനായി ഇറങ്ങിയ ജിൻസും സഹോദരി ജിൻസി, പൂണങ്ങോട് സ്വദേശിനി സനിത എന്നിവരാണ് ഒഴുക്കിൽ പെട്ടത്. ജിൻസ് മുങ്ങി താഴുന്നത് കണ്ട ഇരുവരും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. സംഭവം ശ്രദ്ധയിൽ പെട്ട തോണിക്കാരനായ കൃഷ്ണനാണ് തോണിയിലെത്തി രണ്ട് പേരെ രക്ഷപ്പെടുത്തിയത്.
കൃഷ്ണന്‍റെ സംയോജിതമായ ഇടപെടൽ ആണ് രണ്ടുപേരുടെ ജീവൻ രക്ഷിച്ചത്. ഇന്നലെ നടത്തിയ തെരച്ചിൽ 6.30യോടെ വെളിച്ചക്കുറവുമൂലം അവസാനിപ്പിക്കുകയായിരുന്നു. പ്രദേശത്ത് മഴ പെയ്യുന്നതും തെരച്ചിലിന് തടസം സൃഷ്‌ടിക്കുന്നുണ്ട്. ആലക്കോട് രയറോം സ്വദേശിയായ ജിമ്മിയുടെയും മോളിയുടെയും മകനാണ് ജിൻസ്. ഇവർ റബ്ബർ ടാപ്പിങ് ജോലിക്കായാണ് പൂണങ്ങോട്ട് താമസത്തിനു എത്തിയത്.