കണ്ണൂർ: പയ്യന്നൂർ തുളുവന്നൂരിൽ കേളോത്ത് സ്വദേശി റഫീഖിന്‍റെ പുതിയ വീട്ടുമുറ്റത്തെ കിണറിന്‍റെ ഡിസൈൻ കണ്ടാൽ ആരും ഒന്ന് അമ്പരന്നുപോകും. ഒടിഞ്ഞുവീണ പ്ലാവും നിറയെ ചക്കകളുമൊക്കെയായി വ്യത്യസ്‌തമായ ഒരു ഡിസൈൻ.
2012 മുതൽ ശിൽപ കല രംഗത്ത് സജീവമായ രാജീവൻ പയ്യന്നൂരാണ് ഈ ആശയത്തിന് പിന്നിൽ. പ്ലാവിന്‍റെയും, ചക്കയുടെയും തനിമ ചോരാതെയാണ് കോൺക്രീറ്റിൽ രാജീവൻ ഡിസൈൻ രൂപകൽപന ചെയ്‌തത്. ഏതാണ്ട് ഒരു മാസം എടുത്താണ് കിണറിന്‍റെ ഡിസൈൻ പൂർത്തീകരിച്ചത്. സഹായി ആയി രഞ്ജി കാങ്കോലും ഒപ്പം ചേർന്നു.
വർഷങ്ങൾക്ക് മുമ്പ് വീടിനു മുകളിൽ രാജീവൻ ഒരുക്കിയ സ്വിഫ്റ്റ് കാറിന്‍റെ രൂപവും ഏറെ ശ്രദ്ധ നേടിയിരുന്നു. വീട്ടുകാരുടെ സാമ്പത്തിക നിലവാരത്തിനൊത്തുള്ള ആശയങ്ങളാണ് രാജീവൻ രൂപങ്ങളായി ഒരുക്കി നൽകുന്നത്. ആശാരി പണിയിലൂടെ ആണ് ശിൽപ കല രംഗത്തേക്കുള്ള രാജീവന്‍റെ കടന്നുവരവ്.
2012ൽ ഒറ്റത്തടി തേക്കുമരത്തിൽ രാജീവൻ ഒരു ഗാന്ധി പ്രതിമ തീർത്തിരുന്നു. അതും ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. കണ്ണൂരിലെ പല സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളിൽ ഉൾപ്പടെ രാജീവന്‍റെ ശിൽപ മനോഹാരിത മായാതെ നിലനിൽക്കുന്നുണ്ട്.