കണ്ണൂര്‍ : പഠനത്തോടൊപ്പം കുട്ടികള്‍ക്ക് തപാല്‍ ഓഫിസില്‍ ജോലി ഒരുക്കി ഒരു വിദ്യാലയം. കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂര്‍ കെ.എ.കെ.എന്‍. എസ്.എ.യു.പി. സ്‌കൂളിലാണ് കുട്ടികളിലെ കത്തെഴുത്ത് പ്രോത്സാഹിപ്പിക്കുന്നതിനും തൊഴില്‍ സംസ്‌കാരം വളര്‍ത്തുന്നതിനും പോസ്റ്റ് ഓഫിസ് പ്രവര്‍ത്തനമാരംഭിച്ചത്. കേരളത്തിലെ തന്നെ ആദ്യത്തെ വിദ്യാലയ തപാല്‍ ഓഫിസിനാണ് കണ്ണൂര്‍ മയ്യിലിലെ കുറ്റ്യാട്ടൂരില്‍ തുടക്കമിട്ടിരിക്കുന്നത്.
അധ്യാപകരും വിദ്യാര്‍ഥികളും പോസ്റ്റ് പെട്ടിയിലിടുന്ന കത്തുകള്‍ ഉടമസ്ഥര്‍ക്കെത്തിക്കാനും രക്ഷിതാക്കള്‍ക്കുള്ള വിദ്യാലയത്തിലെ അറിയിപ്പുകള്‍ അയക്കാനും ഇവിടെ സംവിധാനമുണ്ട്. പിറന്നാളിനും മറ്റും നല്‍കുന്ന സമ്മാനങ്ങള്‍ കൊറിയര്‍ വഴി വിതരണം ചെയ്യും. മാത്രമല്ല പണം അയക്കാനും ഈ തപാല്‍ ഓഫിസില്‍ സൗകര്യമുണ്ട്. കത്തുകളില്‍ ഉപയോഗിക്കേണ്ട പ്രത്യേക സ്റ്റാമ്പുകളും ഇതിനോടകം പുറത്തിറക്കി കഴിഞ്ഞു.
പിഎസ്‌സി മാതൃകയില്‍ ജോലിക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ചും ഒഎംആര്‍ പരീക്ഷയും അഭിമുഖവും നടത്തിയുമാണ് പോസ്റ്റ് ഓഫിസിലേക്കുള്ള ജീവനക്കാരെ തെരഞ്ഞെടുക്കുന്നത്. പോസ്റ്റ് ബോയ്, പോസ്റ്റ് ഗേള്‍ എന്നീ തസ്‌തികകളിലേക്കാണ് കുട്ടികളില്‍ നിന്ന് നിലവില്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സ്‌കൂള്‍ സ്റ്റാഫ് ഫണ്ടില്‍ നിന്നാണ് കുട്ടി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുക.
കുട്ടികളുടെ പഠനാവശ്യങ്ങള്‍ക്കുള്ള തുകയാണ് ശമ്പളമായി നല്‍കുന്നത്. മാസംതോറും 10 രൂപയുടെ ശമ്പള വര്‍ധനയുമുണ്ടാകും. ആഴ്‌ചയില്‍ 2 ദിവസമാണ് ജോലിയുണ്ടാവുക. ജോലി സമയങ്ങളില്‍ പ്രത്യേക യൂണിഫോമും തൊപ്പിയുമുണ്ടാകും. 3 മുതല്‍ 7 വരെ ക്ലാസിലെ കുട്ടികള്‍ക്കാണ് പോസ്റ്റ് ഓഫിസില്‍ അവസരം. ഓരോ വര്‍ഷവും വിജ്ഞാപനം ഇറക്കി നിയമനം നടത്തുകയാണ് രീതി.