കണ്ണൂർ: അടച്ചുപൂട്ടലിന്‍റെ വക്കില്‍ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രം. കോഴ്‌സുകളുടെ എണ്ണം വെട്ടിക്കുറച്ചത് സ്ഥാപനത്തിന്‍റെ നിലനില്‍പ്പിനെ ബാധിക്കുമെന്ന ആശങ്കയിലാണ് വിദ്യാര്‍ഥികള്‍. മെയ് 23ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് കോഴ്‌സുകള്‍ വെട്ടിക്കുറയ്‌ക്കാന്‍ തീരുമാനമായത്. കുഞ്ഞിമംഗലം പഞ്ചായത്തിലെ എടാട്ട് പയ്യന്നൂർ കോളജിനോട് ചേർന്നാണ് ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകശാലയുടെ പയ്യന്നൂർ പ്രാദേശിക കേന്ദ്രം പ്രവർത്തിക്കുന്നത്.
മൂന്ന് ബിരുദ കോഴ്‌സുകളും ഏഴ് ബിരുദാനന്തര ബിരുദ കോഴ്‌സുകളുമായിരുന്നു ഇവിടെയുണ്ടായിരുന്നത്. കഴിഞ്ഞ സിന്‍ഡിക്കേറ്റ് ഏഴ് കോഴ്‌സുകളാണ് ഇവിടെ നിര്‍ത്തലാക്കിയത്. നിലവില്‍ ഒരു ബിരുദ കോഴ്‌സും, മൂന്ന് പിജി കോഴ്‌സും പുതിയതായി അനുവദിച്ച ഡിപ്ലോമ കോഴ്‌സും മാത്രമാണ് ഇവിടെയുള്ളത്.
സംസ്‌കൃത വ്യാകരണം മാത്രമാണ് ബിരുദ കോഴ്‌സിൽ ബാക്കിയുള്ളത്. പിജി കോഴ്‌സിൽ സംസ്‌കൃത സാഹിത്യം, ഹിന്ദി, സോഷ്യൽ വർക്ക് എന്നിവയാണ്. ഹിന്ദി പിജി ഡിപ്ലോമ കോഴ്‌സാണ് പുതിയതായി പ്രാദേശിക കേന്ദ്രത്തിന് അനുവദിച്ചത്.
കൂടുതല്‍ വിദ്യാര്‍ഥികള്‍ തെരഞ്ഞെെടുത്തിരുന്ന മലയാളം ഹിസ്റ്ററി കോഴ്‌സുകൾ നിര്‍ത്തലാക്കിയാണ് പുതിയ പിജി ഡിപ്ലോമ കോഴ്‌സ് ഇവിടേക്ക് അനുവദിച്ചത്. കോഴ്‌സുകൾ പിൻവലിക്കുമ്പോൾ, നിലവിൽ സ്വന്തം കെട്ടിടമുള്ള ഒരു കേന്ദ്രവും അടച്ചുപൂട്ടില്ല എന്നാണ് സിൻഡിക്കേറ്റ് അറിയിക്കുന്നത്.
എന്നാൽ കോഴ്‌സുകളിൽ വിദ്യാർഥികളുടെ എണ്ണം കുറഞ്ഞാൽ ആ കോഴ്‌സുകളും പിൻവലിക്കും. വിദ്യാര്‍ഥികള്‍ പൊതുവെ കുറവുള്ള ബിരുദ കോഴ്‌സാണ് ഇവിടെ ശേഷിക്കുന്നത്. ഇത്തവണത്തെ അലോട്ട്‌മെന്‍റ് ലിസ്റ്റുകളിലും ഈ കോഴ്‌സ് ഇല്ലാതായതോടെ കോഴ്‌സ് തുടർപഠനത്തിന് ഉണ്ടാവില്ല എന്ന് പ്രിൻസിപ്പാളും വ്യക്തമാക്കുന്നു.
ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഇവിടെ തെരഞ്ഞെടുത്തിരുന്നത് സംസ്‌കൃതം സാഹിത്യവും വേദാന്തവുമായിരുന്നു. ഈ രണ്ട് കോഴ്‌സും പിന്‍വലിച്ചു. അതോടൊപ്പം വ്യാകരണത്തിന്‍റെ പിജി കോഴ്‌സും പിൻവലിച്ചു.
സാഹിത്യം ബിരുദം ഇല്ലാതെ പിജി കോഴ്‌സ് മാത്രം ബാക്കിയാക്കിയതോടെ പിജി സാഹിത്യവും പതിയെ ഇല്ലാതാകാനാണ് സാധ്യത. സംസ്‌കൃതം സാഹിത്യം സംസ്‌കൃത വേദാന്തം എന്നിവയാണ് ബിരുദത്തിൽ നിർത്തലാക്കിയ കോഴ്‌സുകൾ. സംസ്‌കൃത വ്യാകരണം, സംസ്‌കൃത വേദാന്തം, മലയാളം ഹിസ്റ്ററി, ഫിലോസഫി എന്നിവയാണ് ബിരുദാനന്തര ബിരുദത്തിൽ നിർത്തലാക്കിയ കോഴ്‌സുകൾ.
1995-നാണ് കാലടി സർവകലാശാലയുടെ കീഴിൽ പയ്യന്നൂർ പ്രാദേശിക കേന്ദ്രം അനുവദിക്കുന്നത്. പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം റോഡിലെ വാടക കെട്ടിടത്തിൽ ജ്യോതിഷം ഉൾപ്പെടെ നാല് ബിരുദ കോഴ്‌സുകളും അഞ്ച് ബിരുദാനന്തര കോഴ്‌സുകളുമായിരുന്നു തുടക്കത്തില്‍ കോളജില്‍ ഉണ്ടായിരുന്നത്. ഒട്ടേറെ വിവാദങ്ങൾക്കൊടുവിൽ അടുത്ത വർഷം തന്നെ ജ്യോതിഷം കോഴ്‌സ് ഒഴിവാക്കി.
പകരം സോഷ്യൽ വർക്ക് ആൻഡ് എം എസ് ഡബ്ല്യു പയ്യന്നൂരിന് അനുവദിച്ചു. 1997-ൽ വാടക കെട്ടിടത്തിലുള്ള കോളജുകൾ പൂട്ടാനുള്ള നിർദേശം വന്നപ്പോഴാണ് കേന്ദ്രം വാടക കെട്ടിടത്തിൽ നിന്ന് മാറ്റുന്നത്. അന്ന് എംപിയായിരുന്ന ടി ഗോവിന്ദന്‍ അനുവദിച്ച ഫണ്ടിൽ നിന്നാണ് ലൈബ്രറി കോംപ്ലക്‌സും കെട്ടിടവും നിർമ്മിച്ചത്.
2004 ഇൽ കേന്ദ്രത്തിൽ ഫിലോസഫിയും പിജിയും അനുവദിച്ചു. തുടര്‍ന്ന്, കാലടിയെ വെല്ലുവിളിക്കും വിധമായിരുന്നു പയ്യന്നൂർ കേന്ദ്രത്തിന്‍റെ വളർച്ച.