കണ്ണൂർ: പരിയാരം പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ കാൽനട യാത്രപോലും ദുസഹമായിരുന്ന റോഡ് ചെങ്കല്ല് പാകി ഗതാഗത യോഗ്യമാക്കി. പരിയാരം സ്കൂൾ പത്തായകുണ്ട് റോഡിലെ 150 മീറ്ററാണ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഉപകാരപ്പെടുന്ന രീതിയിൽ യാത്രയോഗ്യമാക്കിയത്. 9,000ത്തിലധികം ചെങ്കല്ലുകൾ ഉപയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കിയത്.
വീതി കുറവായതിനാൽ ടാറിങ് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. നാട്ടുകാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് വാർഡ് മെമ്പർ സജീവന്‍റെ നേതൃത്വത്തിൽ അഞ്ച് ലക്ഷത്തോളം രൂപ ചെലവഴിച്ച് ചെങ്കല്ല് പാകാൻ തീരുമാനിച്ചത്. അതിനായി തൊഴിലുറപ്പ് തൊഴിലാളികളെയാണ് ഉപയോഗപ്പെടുത്തിയത്.
തൊഴിലുറപ്പ് തൊഴിലാളികൾക്ക് 30 തൊഴിൽ ദിനങ്ങൾ ഇതിന്‍റെ ഭാഗാമായി നൽകാനും സാധിച്ചു. വാർഡിലെ ടാറിങ് നടത്താൻ പറ്റാത്ത മറ്റ് റോഡുകളും ഈ രീതിയിൽ നവീകരിക്കാനാണ് ഉദേശിക്കുന്നത്. പരിയാരം ശ്മശാനം-കൊട്ടിയൂർ നൻമഠം ക്ഷേത്രം റോഡ് ചെങ്കല്ല് പാകുന്നതിനുള്ള ടെന്‍റർ നടപടി പൂർത്തിയായിട്ടുണ്ട്. പുതുതായി നിർമിക്കുന്ന റോഡിന്‍റെ ഒന്നാം ഘട്ടം പൂർത്തിയാകുകയും ചെയ്തു.