കണ്ണൂർ: പഞ്ചാബ് നാഷണൽ ബാങ്ക് തളിപ്പറമ്പ് ശാഖയിൽ മുക്കുപണ്ടം പണയം വെച്ച് 50 ലക്ഷത്തോളം രൂപ തട്ടിയ കേസിൽ രണ്ട് പ്രതികളെ കൂടി അറസ്റ്റ് ചെയ്‌തു. തളിപ്പറമ്പ് തൃച്ചംബരം സ്വദേശികളായ കൊറ്റിയാൽ മോഹനൻ, വി.വി മുരളീധരൻ എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന പ്രതികളുടെ എണ്ണം ഏഴായി.
മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ 17 പ്രതികളാണുള്ളത്. ഇതിൽ നേരിട്ട് പങ്കുള്ള 2 പേരെയാണ് ബുധനാഴ്‌ച ഉച്ചയോടെ പൊലീസ് പിടികൂടിയത്. 5 ലക്ഷത്തോളം രൂപ ഇവർ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് കൈപ്പറ്റിയതായാണ് കണ്ടെത്തൽ.
31 അക്കൗണ്ടുകളിൽ നിന്ന് 50 ലക്ഷത്തോളം രൂപ ബാങ്കിൽ നിന്നും നഷ്‌ടപ്പെട്ടിരുന്നു. അഞ്ച് പ്രതികൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. എന്നാൽ ജാമ്യാപേക്ഷ തള്ളിയതോടെ പുളിമ്പറമ്പ് സ്വദേശി എം.എസ് കുഞ്ഞിമോൻ, കീഴാറ്റൂർ സ്വദേശി എം.ലക്ഷ്‌മണൻ, തൃച്ഛംബരം സ്വദേശി അബു ഹുദിഫ എന്നിവർ കഴിഞ്ഞ ദിവസം തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
തളിപ്പറമ്പ് സ്വദേശികളായ കെ.പി വസന്തരാജ്, വി.വി രാജേന്ദ്രന്‍ എന്നിവരും നേരത്തെ അറസ്റ്റിലായിട്ടുണ്ട്. സ്ത്രീകളടക്കം ഇനിയും കൂടുതൽ പ്രതികൾ അറസ്റ്റിലാകുമെന്നാണ് സൂചന. 2 പേരുടെ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്തദിവസം പരിഗണിക്കും. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.