കണ്ണൂര്‍: അണ്ടലൂരില്‍ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച. 21 പവന്‍ സ്വര്‍ണവും വില കൂടിയ വിദേശമദ്യവും മോഷണം പോയതായി വീട്ടുകാര്‍ ആരോപിച്ചു. വീട്ടുടമ സുകുമാരന്‍ വിദേശത്താണ്. സുകുമാരന്റെ ഭാര്യ ടി.കെ. ശ്രീജയും രണ്ട് ആൺമക്കളും ബെംഗളൂരുവിലാണ് താമസം. ഒരു വിവാഹത്തിന് പങ്കെടുക്കുന്നതിനായി രണ്ടാഴ്‌ച മുമ്പാണ് ഇവര്‍ അണ്ടലൂരിലെ വീട്ടിലെത്തിയത്. അടുക്കള വാതിൽ കുത്തി തുറന്നാണ് മോഷണം നടത്തിയത്. ജനൽ പാളി തകർത്ത ശേഷം ഇരുമ്പ് ഗ്രിൽ ആക്സോബ്ലേഡ് ഉപയോഗിച്ച് അറുത്ത് മാറ്റിയിട്ടുണ്ട്.
ധർമ്മടം പൊലീസും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചക്കരക്കല്ല് സ്റ്റേഷന്‍ പരിധിയിലും സമാനമായ രീതിയില്‍ മോഷണം നടന്നിരുന്നു. ഇവിടെയും ജനൽ പാളി തകർത്ത് ഇരുമ്പ് ഗ്രിൽ അറുത്ത് മാറ്റിയാണ് മോഷ്ടാവ് അകത്ത് കടന്നിരിക്കുന്നത്.