കണ്ണൂര്‍: അമ്പെയ്‌ത്ത് താരം റിമല്‍ മാത്യുവിന് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാന്‍ സഹായം വേണം (Archery player Rimal Mathew). സംസ്ഥാന മത്സരങ്ങളില്‍ ഏഴ് മെഡല്‍ നേടുകയും ഒമ്പത് തവണ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ (National Archery Championship) പങ്കെടുക്കുകയും ചെയ്‌ത അമ്പെയ്‌ത്ത് താരം പേരാവൂരിലെ റിമല്‍ മാത്യുവിന് മത്സരത്തിന് വേണ്ടുന്ന റികര്‍വ്‌ബോയും അനുബന്ധ ഉപകരങ്ങളും വാങ്ങാനാണ് സഹായം തേടുന്നത് (recurve bow and accessories for Archery).
അടുത്ത ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ റികര്‍വ്‌ബോ ഇനത്തില്‍ മത്സരിക്കാനാണ് റിമല്‍ മാത്യു തയ്യാറെടുക്കുന്നത്. എന്നാല്‍ ഈ കായിക ഉപകരണത്തിന് നാല് ലക്ഷത്തിലേറെ വിലവരും. ഇത്രയും തുക ലഭിച്ചാല്‍ അടുത്ത ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനാണ് റിമല്‍ മാത്യുവിന്‍റെ തീരുമാനം. ഈ കായിക താരത്തിന് വേണ്ടുന്ന സഹായങ്ങള്‍ ചെയ്യാന്‍ സന്മനസ്സുള്ളവര്‍ സഹായിച്ചേ പറ്റൂ.
നിലവിലുണ്ടായിരുന്ന റികര്‍വ്‌ബോ കേടായതോടെ റിമല്‍ വിഷമത്തിലാണ്. സബ്‌ജൂനിയര്‍ വിഭാഗത്തില്‍ മത്സരിക്കുമ്പോള്‍ തന്നെ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലും റിമല്‍ മെഡല്‍ നേടിയിരുന്നു. അതുവഴി ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത നേടുകയും ചെയ്‌തു. സംസ്ഥാന റാങ്കിങില്‍ കഴിഞ്ഞ വര്‍ഷം സബ്‌ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം റാങ്കും സീനിയര്‍ വിഭാഗത്തില്‍ നാലാം റാങ്കും നേടി ഈ താരം ശ്രദ്ധ പിടിച്ചു പറ്റി.
ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുമ്പോള്‍ ഉപയോഗിച്ചിരുന്ന റികര്‍വ്‌ബോക്ക് കേടുപറ്റുകയും പരിശീലനം പോലും മുടങ്ങുന്ന അവസ്ഥയിലെത്തുകയും ചെയ്‌തു. ആയതിനാല്‍ ഈ വര്‍ഷത്തെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയി. ദേശീയ ചാമ്പ്യന്‍ഷിപ്പിന് പങ്കെടുക്കണമെങ്കില്‍ നാല് ലക്ഷത്തിലേറെ രൂപയുടെ ബോ വാങ്ങേണ്ടതുണ്ട്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള റിമലിന്‍റെ കുടുംബത്തിന് കായിക ഉപകരണങ്ങള്‍ വാങ്ങാന്‍ കഴിയാതെ വന്നതിനാല്‍ പരിശീലനം പോലും മുടങ്ങുന്ന അവസ്ഥയിലാണ്.
കൗമാരത്തില്‍ തന്നെ അമ്പെയ്ത്തില്‍ മികവ് തെളിയിച്ച ഈ കായിക താരത്തിന്‍റെ ആവശ്യം നിറവേറ്റാന്‍ സുമനസ്സുകള്‍ തയ്യാറാവുമെന്ന പ്രതീക്ഷയിലാണ് കായിക പ്രേമികള്‍. ആര്‍ച്ചറി അസോസിയേഷനുമായി ബന്ധപ്പെട്ട ഒരു കൂട്ടായ്‌മ ഈ ആവശ്യത്തിന് വേണ്ടി ശ്രമം നടത്തി വരികയാണ്. അടുത്ത വര്‍ഷത്തെ ദേശീയ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പിലെങ്കിലും പങ്കെടുക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന പ്രതീക്ഷയിലാണ് റിമല്‍ മാത്യുവും കുടുംബവും.
പേരാവൂര്‍ തൊണ്ടിയിലെ കെജെ മാത്യുവിന്‍റേയും ജെസ്സി തോമസ്സിന്‍റേയും മകനാണ് റിമല്‍ മാത്യു. റിമല്‍ മാത്യുവിനെ സഹായിക്കാന്‍ താത്പര്യമുളളവര്‍ ആര്‍ച്ചറി അസോസിയേഷന്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി തങ്കച്ചന്‍ കോക്കാടുമായി ബന്ധപ്പെടാം. മൊബൈല്‍ നമ്പര്‍: 9447936455.