കണ്ണൂർ: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിക്ക് വേണ്ടത് ശാസ്‌ത്രപ്രതിഭയുടെ പേരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചാരിറ്റബിൾ സൊസൈറ്റിയായി 1990ൽ തിരുവനന്തപുരത്ത് തുടങ്ങിയ സ്ഥാപനത്തെയാണ് പിന്നീട് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി എന്ന പേരിൽ അന്തർദേശീയ നിലവാരത്തിലുള്ള ഗവേഷണ കേന്ദ്രമാക്കി വികസിപ്പിച്ചത്. 2007ൽ സ്വയംഭരണാവകാശമുള്ള സ്ഥാപനമാക്കി കേന്ദ്ര സർക്കാർ അതിനെ പരിവർത്തനം ചെയ്തു. തിരുവനന്തപുരം നഗരത്തിന്‍റെ ഹൃദയഭാഗത്ത് 20 ഏക്കർ സ്ഥലമാണ് പ്രതിഫലം വാങ്ങാതെ സംസ്ഥാന സർക്കാർ വിട്ടുകൊടുത്തത്. എൽഡിഎഫ് സർക്കാരിന്‍റെ കാലത്താണ് അതുണ്ടായതെന്നും ദേശാഭിമാനിലെ ലേഖനത്തിൽ മുഖ്യമന്ത്രി പറയുന്നു.
കേരളം നട്ടുവളർത്തിയ സ്ഥാപനമാണ് ആർജിസിബി. അതിന്‍റെ വിപുലീകരണം ഈ നാടിന്‍റെയാകെ ആഗ്രഹമാണ്. ആ സ്ഥാപനത്തിന്മേലാണ് കേന്ദ്രം ഏകപക്ഷീയമായി പുതിയ പേര് കൊണ്ടുവരാൻ ശ്രമിക്കുന്നത്. ഓരോ മേഖലയിലും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് അവയ്ക്ക് അനുയോജ്യമായ ആളുകളുടെ പേര് കൊടുക്കുന്നത് ഉചിതമാണ് എന്ന കാര്യത്തിൽ അഭിപ്രായഭിന്നതയ്ക്ക് വകയില്ല. ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ നാമധേയത്തിൽ സ്ഥാപനം അറിയപ്പെടുന്നതിലും ആരും എതിർപ്പുന്നയിച്ചിട്ടില്ല. ശാസ്ത്രഗവേഷണരംഗത്ത് അന്താരാഷ്ട്രനിലവാരം പുലർത്തുന്ന സ്ഥാപനത്തിന്‍റെ ഏതു വളർച്ചാഘട്ടത്തിലും ശാസ്ത്രപഠനത്തിന്‍റെ കാര്യത്തിൽ ഇന്ത്യയുടെ യശസ്സ് ആഗോളതലത്തിലുയർത്തിയ ആരുടെയെങ്കിലും പേരിടുന്നതാണ് ഔചിത്യം. പ്രഫുല്ലചന്ദ്രറേയും ജഗദീഷ് ചന്ദ്ര ബോസും ശ്രീനിവാസ രാമാനുജനും സി. വി. രാമനും മുതൽ ശകുന്തള ദേവിയും കൽപ്പന ചൗളയും വെങ്കി രാമകൃഷ്ണനും വരെയുള്ള ശാസ്ത്രപ്രതിഭകളെ ആധുനിക ലോകത്തിന് ഇന്ത്യ സംഭാവന ചെയ്തിട്ടുണ്ട് എന്നതും ഓർക്കണം. കേന്ദ്രത്തിന് രാഷ്‌ട്രീയ താൽപ്പര്യംകേന്ദ്രം തീരുമാനിച്ചിരിക്കുന്നത് ഈ ഗവേഷണസ്ഥാപനത്തെ രാഷ്ട്രീയലാക്കോടെ ഉപയോഗിക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.