കണ്ണൂര്‍: ചെറുതാഴം പഞ്ചായത്തിന്‍റെ നെല്ലറയായ അതിയടം പാടശേഖരം ഇപ്പോള്‍ സജീവമാണ്. ലാത്തി പിടിച്ചിരുന്ന കൈകള്‍ തൂമ്പ എടുത്തതോടെ തരിശായി കിടന്ന പാടത്ത് നെല്‍കൃഷി വ്യാപിച്ചു. പൊലീസില്‍ നിന്ന് വിരമിച്ച പി വി ലക്ഷ്‌മണൻ, പവിത്രന്‍, സുഹൃത്തുക്കളായ പി വി രവി, കെ നാരായണൻ എന്നിവരാണ് പാടത്ത് പൊന്നുവിളയിക്കുന്നത്. പൊലീസ് പണിയേക്കാൾ ജോറാണ് കൃഷിപ്പണിയെന്നാണ് ലക്ഷ്‌മണന്‍റെയും പവിത്രന്‍റെയും പക്ഷം.
നാലുവര്‍ഷം മുമ്പ് പത്തേക്കര്‍ നിലം പാട്ടത്തിനെടുത്താണ് കൃഷി ആരംഭിച്ചത്. തുടക്കത്തില്‍ അതിയടം പാടശേഖരത്തില്‍ തരിശിട്ട വയലുകള്‍ ഏറ്റെടുത്ത് കൃഷി ഇറക്കി. ഇക്കൊല്ലം മേലതിയ്യടം പാടശേഖരത്തില്‍ തരിശിട്ടിരുന്ന അഞ്ച് ഏക്കറിലേക്ക് കൂടി കൃഷി വ്യാപിപ്പിച്ചു. നിലവില്‍ 30 ഏക്കറില്‍ അധികം നിലത്താണ് ഇവര്‍ കൂട്ടുകൃഷി ചെയ്യുന്നത്.
കാലാവസ്ഥ വ്യതിയാനം, രോഗ-കീട ബാധ തുടങ്ങിയ കാരണങ്ങളാല്‍ കര്‍ഷകര്‍ നെല്‍കൃഷിയില്‍ നിന്ന് പിന്നോട്ടുപോയപ്പോള്‍ ഇവർ കൂട്ടായി വയലിലേക്ക് ഇറങ്ങുകയായിരുന്നു. പൊലീസ് ജോലിയേക്കാൾ സമാധാനവും ശാന്തതയും കൃഷിപ്പണിയില്‍ നിന്ന് ലഭിക്കുന്നുവെന്നാണ് പവിത്രന്‍ പറയുന്നത്.
മുൻവർഷങ്ങളിൽ കാലം തെറ്റി പെയ്‌ത മഴമൂലം ഞാറ്റടി മുഴുവൻ നശിച്ചതിനെ തുടര്‍ന്ന് കൃഷി ഉപേക്ഷിക്കേണ്ടി വന്നിരുന്നു ലക്ഷ്‌മണനും സുഹൃത്തുക്കള്‍ക്കും. പക്ഷേ അടിയറവ് പറഞ്ഞ് പിന്നോട്ടുപോകാന്‍ ഇവര്‍ ഒരുക്കമായിരുന്നില്ല. കരിവെള്ളൂരില്‍ നിന്നുള്‍പ്പടെ ഞാറ്റടി എത്തിച്ച് വീണ്ടും കൃഷിയിറക്കി.
ഉമ നെൽവിത്തിനൊപ്പം കൃഷി വിജ്ഞാനകേന്ദ്രം നൽകിയ മനുരത്ന, പൗർണമി തുടങ്ങിയവയും പരീക്ഷണ അടിസ്ഥാനത്തിൽ ഇവർ കൃഷി ചെയ്യുന്നുണ്ട്. ഹെക്‌ടറിന് 8000 കിലോ വരെ ഇവർക്ക് വിളവ് ലഭിച്ചിട്ടുണ്ട്. പഞ്ചായത്തിന് അകത്തും പുറത്തുമുള്ള കര്‍ഷകര്‍ക്ക് വിത്തുകള്‍ നല്‍കിയ ശേഷം ബാക്കിയുള്ള നെല്ല് സപ്ലൈകോയുടെ സംഭരണ കേന്ദ്രത്തിലേക്ക് നല്‍കുകയാണ് പതിവ്.
സ്വന്തം യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള സമ്പൂര്‍ണ യന്ത്രവത്‌കരണത്തിലൂടെയാണ് സംഘത്തിന്‍റെ കൃഷി. നെൽകൃഷി ലാഭകരമാക്കുകയും കാർഷിക സംസ്‌കൃതി നിലനിർത്തുകയും ചെയ്യണമെന്ന ലക്ഷ്യത്തിലാണ് റിട്ടയര്‍മെന്‍റ് ജീവിതത്തില്‍ ഇവര്‍ കൃഷിയിലേക്ക് ഇറങ്ങിയത്.