കണ്ണൂർ: പെടേന സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ കുട്ടികളുടെ ജീവന് ക്വാറികൾ ഭീഷണിയല്ലെന്ന് പഞ്ചായത്ത് അസിസ്റ്റന്‍റ് എഞ്ചിനീയര്‍. വയക്കര പഞ്ചായത്ത് സെക്രട്ടറിയുടെ നിർദേശപ്രകാരം പഞ്ചായത്ത് അസിസ്റ്റന്‍റ് എഞ്ചിനീയര്‍ പരിശോധന നടത്തിയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അഞ്ച് കരിങ്കല്‍ ക്വാറികളും രണ്ട് ക്രഷറുകളുമാണ് സ്കൂളിന്റെ 500 മീറ്റര്‍ പരിധിക്കുളളില്‍ പ്രവര്‍ത്തിക്കുന്നത്. തുടര്‍ച്ചയായുണ്ടാകുന്ന സ്ഫോടനങ്ങളിൽ സ്കൂളിന് സമീപം വലിയ കരിങ്കല്‍ കഷ്‌ണങ്ങള്‍ പതിക്കുന്നത് പതിവാണ്. പല കുട്ടികള്‍ക്കും ശ്വാസകോശ രോഗങ്ങള്‍ പിടിപെട്ടു. ഇതോടെ കുട്ടികളെ സ്‌കൂളിലയക്കുന്നതിന് രക്ഷിതാക്കൾക്ക് ഭയമായി. ഇതിനിടയിലാണ് ക്വാറി ഉടമകളെ സംരക്ഷിക്കും വിധമുള്ള റിപ്പോർട്ട് അസിസ്റ്റന്റ് എഞ്ചിനിയർ സമർപ്പിച്ചിരിക്കുന്നത്.
എന്നാൽ പഞ്ചായത്ത് അസിസ്റ്റന്‍റ് എഞ്ചിനീയർ സ്കൂളിൽ എത്തിയിട്ടില്ലെന്നും പരിശോധനയ്ക്കായി എത്തിയത് അറിഞ്ഞിട്ടില്ലെന്നും പ്രധാന അധ്യാപകൻ അറിയിച്ചു. അസിസ്റ്റന്‍റ് എഞ്ചിനീയറുടെ റിപ്പോർട്ടിൽ ദുരൂഹതയുണ്ടെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. സമരസമിതി ചെയർമാൻ പി.ടി അബ്‌ദുറഹ്‌മാന് ലഭിച്ച വിവരാവകാശ രേഖയിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ക്വാറി വിരുദ്ധ സമരം ശക്തിപ്പെടുത്താനും സ്കൂൾ സംരക്ഷണത്തിനായി വിദ്യാഭ്യാസ വകുപ്പിനെ സമീപിക്കാനും ആക്ഷൻ കമ്മറ്റി തീരുമാനിച്ചിരിക്കുകയാണ്.
കരിങ്കല്‍ ക്വാറികളെ ഭയന്ന് 55 വിദ്യാര്‍ഥികൾക്കാണ് പഠനമുപേക്ഷിച്ച് സ്‌കൂൾ വിട്ടിറങ്ങേണ്ടി വന്നത്. കെട്ടിടത്തിന് വിള്ളലുകൾ വീണ് അപകടാവസ്ഥയിലായത് പ്രഥമദൃഷ്ട്യായുള്ള തെളിവാണ്. തുടർന്ന് വിദ്യാർഥികൾ കലക്‌ടർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. കലക്‌ടറുടെ നിർദേശപ്രകാരം അസിസ്റ്റന്‍റ് കലക്‌ടർ നടത്തിയ പരിശോധനയിൽ ക്വാറികളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തി വെക്കുന്നതിന് ഉത്തരവായി. അതിനുശേഷമാണ് വിദ്യാർഥികൾ വീണ്ടും സ്‌കൂളില്‍ എത്തിത്തുടങ്ങിയത്.