കണ്ണൂർ: പരിയാരത്ത് പ്രായപൂർത്തിയാകാത്ത സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അമ്മയും ബന്ധുവും അറസ്റ്റിൽ. കണ്ണൂര്‍ പരിയാരത്താണ് സംഭവം. പീഡനത്തിന് ഒത്താശ ചെയ്തുവെന്നും വിവരം മറച്ചുവെച്ചു എന്നുമാണ് മാതാവിനെതിരായ കുറ്റം. പതിമൂന്നും പതിനാറും വയസുള്ള പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്. കൗൺസിലിങ്ങിനിടെയാണ് പീഡനത്തെ സംബന്ധിച്ച വിവരങ്ങൾ കുട്ടികൾ തുറന്നുപറഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരുടെ പരാതിയിൽ പൊലീസ് കേസ് എടുക്കുകയായിരുന്നു.
കഴിഞ്ഞ മാസം 28നാണ് കുട്ടികൾ ബന്ധുവിന്‍റെ പീഡനത്തിന് ഇരയായത്. ദാമ്പത്യ പ്രശ്നങ്ങളെ തുടർന്ന് കുട്ടികളുടെ അമ്മയും അച്ഛനും വേർപിരിഞ്ഞാണ് താമസിക്കുന്നത്. വീട്ടിലെ നിത്യസന്ദർശകനായ ബന്ധു അമ്മ ഇല്ലാത്ത തക്കം നോക്കി കുട്ടികളെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇതിന് മുമ്പും കുട്ടികൾ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്.
സംഭവത്തെ കുറിച്ച് വ്യക്തമായ അറിവുണ്ടായിട്ടും അമ്മ വിഷയം മറച്ച് പിടിക്കാൻ ശ്രമിച്ചു എന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. സംഭവം പുറത്തറിഞ്ഞതോടെ മധ്യവയസ്കനായ ബന്ധു ഒളിവിൽ പോയിരുന്നു. തുടർന്ന് പരിയാരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.