കണ്ണൂർ: തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്നോളജി സെന്‍ററിന്‍റെ രണ്ടാമത്തെ ക്യാമ്പസിന് എംഎസ് ഗോള്‍വാൽക്കറിന്‍റെ പേര് നല്‍കുന്നതിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തീരുമാനം അംഗീകരിക്കാനാകില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. കെ.കരുണാകരനും, ജി.കാർത്തികേയനും മുൻകൈയെടുത്ത് ആരംഭിച്ച ഈ സംരംഭത്തിന് ഒരു ആർഎസ്എസ് നേതാവിന്‍റെ പേരിടുന്നത് ഏകപക്ഷീയ തീരുമാനമാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ബിജെപി നേതാക്കൾക്ക് രാജീവ് ഗാന്ധി ബയോടെക്നോളജി സെന്‍ററുമായി യാതൊരു ബന്ധവുമില്ലെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
യുഡിഎഫിൽ ഇല്ലാത്ത കക്ഷികളുമായി തെരഞ്ഞെടുപ്പിൽ ബന്ധമില്ലെന്ന് വെൽഫയർ പാർട്ടി വിഷയത്തിൽ ഉമ്മൻചാണ്ടി നിലപാട് വ്യക്തമാക്കി. കഴിഞ്ഞ തവണ വെൽഫെയർ പാർട്ടിയുടെ തോളിൽ കയ്യിട്ട് നടന്നവരാണ് എൽ ഡി എഫ്. വെൽഫെയർ പാർട്ടിയുമായുള്ള ബന്ധം സംബന്ധിച്ച് യുഡിഎഫ് നേരത്തെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. തന്‍റെ ചിത്രം യു ഡി എഫിന്‍റെ പോസ്റ്ററിൽ ഇല്ലാത്തത് താൻ പാർട്ടിയുടെ പ്രധാന ഭാരവാഹിത്വത്തിൽ ഇല്ലാത്തതിനാലാണെന്നും പിണറായിയുടെ ചിത്രം വെക്കാത്തത് അവരുടെ പാർട്ടി കാര്യമെന്നും കണ്ണൂർ പ്രസ്സ്ക്ലബ്ബിന്‍റെ മീറ്റ് ദി പ്രസ്സിൽ പങ്കെടുത്ത് ഉമ്മൻചാണ്ടി പറഞ്ഞു.