കണ്ണൂർ: കക്കാട്ടെ ജില്ല ഹോമിയോ ആശുപത്രിക്ക് സമീപമുള്ള എ എം രജീവന്‍റെ വീട്ടിലേക്ക് ആദ്യമെത്തുന്ന ആരും ഒന്ന് അമ്പരക്കും. കാരണം നാം ഇതുവരെ കണ്ടിട്ടില്ലാത്ത എന്തിന് കേട്ടുകേൾവി പോലുമില്ലാത്ത അപൂർവ ആയുർവേദ സസ്യങ്ങളുടെ ഒരു കലവറയാണ് അവിടെ കാത്തിരിക്കുന്നത്. വൈദ്യ രംഗത്തുണ്ടായിരുന്ന അച്ഛന്‍റെ ഓർമകളാണ് ഇത്തരമൊരു ഗൃഹാതുരത്വ കാഴ്‌ചകളിലേക്ക് എത്തിക്കാൻ രജീവനെ പ്രേരിപ്പിച്ചത്.
നാലുവർഷം മുമ്പാണ് തന്‍റെ തോട്ടത്തെ പൂർണ രൂപത്തിലേക്ക് രജീവൻ എത്തിക്കുന്നത്. പഴയ തറവാട് അതേപടി നിലനിർത്തി അവയ്‌ക്ക് ചുറ്റും 300ലേറെ ഔഷധ സസ്യങ്ങൾ വച്ചു പിടിപ്പിച്ചു. സിദ്ധാശ്രമങ്ങളിൽ നിന്നും ആയുർവേദ വൈദ്യൻമാരിൽ നിന്നും മാസങ്ങൾ നീണ്ട പരിശ്രമങ്ങൾക്കും അന്വേഷണങ്ങൾക്കും ഒടുവിലാണ് സസ്യങ്ങൾ ശേഖരിച്ചത്.
നക്ഷത്ര വനങ്ങളിൽ പെട്ട എല്ലാ സസ്യങ്ങളും, ദശപുഷ്‌പങ്ങളും പേരും വിവരവും സഹിതം വീട്ടുമുറ്റത്ത് ഓരോ കോണിലായി മൺചട്ടിയിൽ നട്ടുവളർത്തി. സസ്യത്തിന്‍റെ ശാസ്ത്രീയ നാമവും അതോടൊപ്പം ചേർത്തു. അത്യപൂർവ്വമായി മാത്രം കാണുന്ന അഗ്നി പത്രി, പൂച്ച മീശ, കൃഷ്‌ണനാൽ, ചുവന്ന കറ്റാർവാഴ, ഇടം പിരിവലം പിരി എന്നീ സസ്യങ്ങൾ രജീവന്‍റെ തോട്ടത്തിലെ വേറിട്ട കാഴ്‌ചകളാണ്.
പിത്ത - കഫജന്യ രോഗങ്ങൾക്കും മാറാരോഗങ്ങൾക്കുള്ള അപൂർവ സസ്യങ്ങളെ തേടി ഇവിടെ ആളുകൾ എത്താറുണ്ട്. പക്ഷെ ഇവരിൽ നിന്നൊന്നും രജീവൻ പണം വാങ്ങാറില്ല. രജീവനൊപ്പം ഭാര്യ കവിതയും, മകൾ ശ്രീലക്ഷ്‌മിയും തോട്ടത്തിൽ സഹായത്തിനുണ്ട്. 36 സെന്‍റ് സ്ഥലത്ത് 26 സെന്‍റിലും ഔഷധ സസ്യങ്ങളാണ്. ബാക്കിയുള്ള സ്ഥലത്ത് പഴ വർഗങ്ങൾക്കായി തോട്ടമൊരുക്കാനുള്ള ശ്രമത്തിലാണ് രജീവനും കുടുംബവും.