കണ്ണൂര്‍ : പ്രകൃതി ദുരന്തങ്ങളും മഹാമാരിയും സിപിഎമ്മിന് ധനസമ്പാദനത്തിനുള്ള മാർഗമായെന്നും കൊവിഡ് കാലം മുഖ്യമന്ത്രി പിണറായി വിജയന് അനുഗ്രഹമായെന്നും രാജ് മോഹൻ ഉണ്ണിത്താൻ എം.പി. കണ്ണൂരില്‍ പിണറായി സര്‍ക്കാറിനെതിരെ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കേരള സര്‍ക്കാറിന് കഴിയുന്നില്ല.
വിലക്കയറ്റത്തില്‍ പൊതുജനം പൊറുതി മുട്ടുമ്പോഴും ഗവര്‍ണറെ മാറ്റാനാണ് പിണറായി നടക്കുന്നതെന്നും എംപി കുറ്റപ്പെടുത്തി. വൈസ് ചാൻസലറെ മാറ്റിയത് കോടതിയാണ്. അതിന് പിണറായി വിജയൻ ഗവർണറുടെ മേൽ കുതിര കയറുകയാണ്. വിലക്കയറ്റത്തിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ഗവർണറുമായുള്ള പിണറായിയുടെ പോരെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു.
സിപിഎമ്മിന്‍റെ പാദസേവ നടത്തുന്നയാളെ ചാൻസലറാക്കാനാണ് ഗവർണർക്ക് എതിരെ ഓർഡിനൻസ് കൊണ്ടുവരുന്നത്. ഗവർണർക്കെതിരെയുള്ള യുദ്ധം നയിക്കാന്‍ അഭിഭാഷകര്‍ക്ക് ഫീസ് കൊടുക്കാനാണ് സര്‍ക്കാര്‍ വീണ്ടും കടമെടുക്കുന്നതെന്നും എം.പി കൂട്ടിച്ചേര്‍ത്തു.